ക്രിസ്ത്യാനികളുടെ കുറ്റകൃത്യങ്ങൾക്ക് പോപ്പ് മാപ്പ് പറയണമെന്ന് വി.എച്ച്.പി
text_fieldsജുനഗഡ്: ക്രിസ്ത്യാനികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. മതപരിവർത്തനം അവസാനിപ്പിക്കുമെന്ന് മാർപ്പാപ്പ ഉറപ്പുനൽകണണെമന്നും വി.എച്ച്.പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ അഖിലേന്ത്യാ ട്രസ്റ്റി മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് ഒരു മാസത്തിന് ശേഷമാണ് വി.എച്ച്.പിയുടെ ആവശ്യം.
"ക്രിസ്ത്യാനികൾ 350 വർഷമായി പീഡിപ്പിക്കുകയും വംശഹത്യ നടത്തുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇന്ത്യ സന്ദർശിക്കുമ്പോൾ മാർപാപ്പ ഇതിനെല്ലാം മാപ്പ് പറയണം. കൂടാതെ എല്ലാ മതങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി മതപരിവർത്തനങ്ങൾ നിർത്തിവെക്കുന്നതായും പ്രഖ്യാപിക്കണം" -അലോക് കുമാർ ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലും കർണാടകയിലും നടപ്പാക്കിയതുപോലെ ദേശീയതലത്തിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.
1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവസാനമായി ഇന്ത്യ സന്ദർശിച്ചപ്പോൾ വേളയിൽ 'യേശുവല്ലാത്ത മറ്റു ദൈവങ്ങളുടെയും സാധുത പ്രഖ്യാപിക്കണമെന്ന്' വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. നവംബർ 30ന് റോമിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.