നൂഹിൽ വീണ്ടും വിവാദ ഘോഷയാത്രക്കുള്ള വി.എച്ച്.പി നീക്കത്തിന് തിരിച്ചടി; അനുമതി നിഷേധിച്ചു
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗീയ സംഘർഷത്തിന് വഴിമരുന്നിട്ട വി.എച്ച്.പിയുടെ ബ്രിജ് മണ്ഡൽ ജല അഭിഷേക് യാത്ര വീണ്ടും നടത്താനുള്ള നീക്കത്തിന് സർക്കാർ അനുമതി നിഷേധിച്ചു. ആഗസ്റ്റ് 28ന് നടത്താനിരുന്ന യാത്രയ്ക്കാണ് ഹരിയാന സർക്കാർ അനുമതി നിഷേധിച്ചത്.
സംഘാടകർ സമർപ്പിച്ച അനുമതിക്കായുള്ള അപേക്ഷ ചൊവ്വാഴ്ച വൈകീട്ട് നുഹ് ഡെപ്യൂട്ടി കമ്മീഷണർ ഔദ്യോഗികമായി നിരസിച്ചു.
നിർദിഷ്ട യാത്രയ്ക്കിടെ പ്രദേശത്തെ ക്രമസമാധാനം തകരാറിലാകുമെന്ന് ലോക്കൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ആശങ്ക പ്രകടിപ്പിച്ചതാണ് അനുമതി നിഷേധിക്കആൻ കാണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ഘോഷയാത്രയിൽ ഗോ രക്ഷ ഗുണ്ടകൾ അടക്കം അണിനിരന്നിരുന്നു. ഈ യാത്രയെ തുടർന്നാണ് ജില്ലയിൽ വ്യാപക സംഘർഷം അരങ്ങേറുകയും രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെടുകയും ചെയ്തത്. നിരവധി സർക്കാർ, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിവിധ എഫ്ഐആറുകളിലായി 260 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമത്തെ തുടർന്ന് നിർത്തിവെച്ച യാത്ര ആഗസ്റ്റ് 28 ന് വീണ്ടും നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രഹസ്യാന്വേഷണ ഏജൻസികൾക്ക് പുറമെ സമാധാന കമ്മിറ്റിയും രംഗത്തുവന്നിരുന്നു.
ജൂലൈ 31ന് നടന്ന യാത്രയുടെ മുന്നോടിയായി പ്രകോപനപരമായ വീഡിയോയിലൂടെ വർഗീയ കലാപം ആളിക്കത്തിച്ച ഗോരക്ഷ ബജ്‌റംഗ് ഫോഴ്‌സ് എന്ന പശുഗുണ്ടാസംഘത്തിന്റെ പ്രസിഡന്റ് ബിട്ടു ബജ്‌റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപം, ഭീഷണിപ്പെടുത്തൽ, സായുധ കവർച്ച, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.