വിപ്ലവ കവി ഗദ്ദറിന്റെ ജന്മദിനാഘോഷത്തിനെതിരെ വി.എച്ച്.പി
text_fieldsഹൈദരാബാദ്: ഗദ്ദർ എന്ന പേരിൽ പ്രശസ്തനായ അന്തരിച്ച വിപ്ലവ കവി ഗുമ്മഡി വിട്ടൽ റാവുവിന്റെ ജന്മവാർഷികം ആഘോഷിക്കാനുള്ള തെലങ്കാന സർക്കാറിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). തെല്ലപ്പൂരിൽ ഗദ്ദറിന്റെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചതിനെയും വി.എച്ച്.പി തെലങ്കാന ജോയിൻ്റ് സെക്രട്ടറി രവിനുതുല ശശിധർ വിമർശിച്ചു.
"ഗദ്ദർ എന്ന ഗായകൻ എന്നതിനേക്കാളുപരി മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തി എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെയും നിരപരാധികളായ സാധാരണക്കാരുടെയും മരണത്തിന് ഉത്തരവാദികളായ പ്രത്യയശാസ്ത്രമാണ് മാവോയിസം. അടിസ്ഥാനപരമായി ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് എതിരാണത്’ - ശശിധർ പറഞ്ഞു. ഭീകരവിരുദ്ധ മുന്നണി (എടിഎഫ്) എന്ന സംഘടനയുടെ കൺവീനർ കൂടിയാണ് ഇയാൾ.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അത്തരമൊരു വ്യക്തിയെയും അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രങ്ങളെയും മഹത്വപ്പെടുത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തകർക്കുമെന്നും ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ പണയപ്പെടുത്തുന്ന സായുധ സേനയുടെ മനോവീര്യം ഇല്ലാതാക്കുമെന്നും ശശിധർ ആരോപിച്ചു.
മാവോയിസവും നക്സലിസവും നിരോധിച്ച രാജ്യത്തെ നിയമങ്ങൾക്കെതിരാണ് സംസ്ഥാന സർക്കാരിൻ്റെ ഈ നടപടി. ഗദ്ദറിന്റെ പ്രതിമക്ക് ഭൂമി അനുവദിച്ചത് സംസ്ഥാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇടപെട്ട് റദ്ദാക്കണമെന്നും ഗദ്ദർ ജയന്തി ഔദ്യോഗികമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ശശിധർ ആവശ്യപ്പെട്ടു.
ജുഡീഷ്യറി ഈ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ പരിശോധിക്കണമെന്നും ജനാധിപത്യ വിരുദ്ധ പ്രവൃത്തി തിരുത്താൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എ.ടി.എഫ് കത്തെഴുതും. 2023 ആഗസ്റ്റിൽ ഗദ്ദറിന്റെ മൃതദേഹത്തിന് സംസ്ഥാന ബഹുമതി നൽകാനുള്ള മുൻ ബി.ആർ.എസ് സർക്കാറിന്റെ നീക്കത്തെയും ശശിധർ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.