2024ഓടെ മതപരിവർത്തനവും ഗോവധവും പൂർണമായും തടയും -വി.എച്ച്.പി
text_fieldsപ്രയാഗ്‌രാജ്: മതപരിവർത്തനം തടയാൻ രാജ്യവ്യാപകമായി ഊർജിതമായി ശ്രമം നടത്തുമെന്ന് വി.എച്ച്.പി ദേശീയ വൈസ് പ്രസിഡന്റും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ്. ഗോവധവും മതപരിവർത്തനവും ലവ് ജിഹാദും നടക്കുന്നതില്ലെന്ന് ഉറപ്പാക്കാൻ 2024 നകം വി.എച്ച്.പി രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''നിയമവിരുദ്ധമായ മതപരിവർത്തനങ്ങളും രോഗശാന്തി യോഗങ്ങളും കാരണം രാജ്യത്തെ പട്ടികവർഗക്കാരുടെ മനസിൽ പിരിമുറുക്കം വർധിച്ചുകൊണ്ടിരിക്കുകയാണ്. അത്യാഗ്രഹമോ ചതിയോ ഭയമോ മതപരിവർത്തനത്തിന് കാരണമാകരുത് എന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതുണ്ട്''-ചമ്പത് റായ് പറഞ്ഞു.
ലവ് ജിഹാദിന്റെ വെല്ലുവിളി നേരിടാൻ നമ്മുടെ സംസ്‌കാരവും സാംസ്‌കാരിക മൂല്യങ്ങളും അമ്മമാരിലൂടെയും സഹോദരിമാരിലൂടെയും കുടുംബങ്ങളിലെത്തിക്കണം. സാമൂഹിക സൗഹാർദം പ്രചരിപ്പിക്കുന്നതിനും സമൂഹത്തിലെ നിരാലംബരായ ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തൊഴിൽ രംഗത്തും ആരോഗ്യരംഗത്തും സംഘടനയുടെ പ്രവർത്തനങ്ങൾ അടുത്ത ആറു മാസത്തിനകം കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിലൂടെ മതപരിവർത്തനം ഫലപ്രദമായി തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.