രാജ്യസഭ സമിതികളിൽ പേഴ്സനൽ സ്റ്റാഫുകളെ നിയമിച്ച് ഉപരാഷ്ട്രപതി
text_fieldsസമിതികളെ നിരീക്ഷിക്കാനാണ് നിയമനമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കീഴ്വഴക്കം ലംഘിച്ച് രാജ്യസഭക്ക് കീഴിലെ സ്റ്റാൻഡിങ് കമ്മിറ്റി ഉൾപ്പെടെ വിവിധ സമിതികളിലേക്ക് സ്വന്തം സ്റ്റാഫിനെ നിയമിച്ച് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിന്റെ വിവാദ നടപടി. രാജ്യസഭ സെക്രേട്ടറിയറ്റ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നോട്ടീസിലൂടെയാണ് ഉപരാഷ്ട്രപതി സ്വന്തം സ്റ്റാഫിനെ സമിതികളിലേക്ക് നിയമിച്ച വിവരം പുറത്തറിഞ്ഞത്.
സമിതികളെ നിരീക്ഷിക്കാനാണ് സ്വന്തം സ്റ്റാഫിനെ നിയമിച്ചതെന്നും നിലവിലുള്ള സംവിധാനത്തില്‍ അദ്ദേഹത്തിന് വിശ്വാസമില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
12 സ്റ്റാൻഡിങ് കമ്മിറ്റികളിലും എട്ടു വകുപ്പുതല സമിതികളിലേക്കുമായി പേഴ്സനൽ സ്റ്റാഫിൽനിന്ന് എട്ടു പേരെയാണ് ഉൾപ്പെടുത്തിയത്. രാജ്യസഭാ ചെയര്‍മാന്റെ ഓഫിസിലെ നാലു ജീവനക്കാരും ഉപരാഷ്ട്രപതിയുടെ സെക്രേട്ടറിയറ്റിലെ നാലു ജീവനക്കാരുമാണ് സമിതികളിൽ ഉൾപ്പെട്ടവർ.
കാലാവധി നിശ്ചയിച്ച് പുനഃസംഘടിപ്പിക്കുന്ന പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി, വിവിധ ബില്ലുകൾ ഉൾപ്പെടെ പരിശോധിക്കാനായി അതത് വിഷയത്തിൽ രൂപവത്കരിക്കുന്ന സെലക്ട് കമ്മിറ്റി എന്നിവയാണുള്ളത്.
അഡീഷനല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് എം.പിമാരടങ്ങിയ സമിതിയെ സഹായിക്കാൻ ഉണ്ടാവുക. ഇവർക്ക് പുറമെയാണ് കീഴ്വഴക്കം ലംഘിച്ച് രാജ്യസഭാ ചെയര്‍മാന്റെ പേഴ്സനൽ സ്റ്റാഫിനെ സമിതികളിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.