"അന്ന് കേസുമായി മുന്നോട്ട് പോയിരുന്നെങ്കിൽ നാല് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു"; ആർ.പി.എഫ് ജവാനിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് ഓട്ടോ ഡ്രൈവർ
text_fields"ഞാൻ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നെങ്കിൽ നാല് പേരുടെ ജീവൻ രക്ഷിക്കാൻ ഒരുപക്ഷേ എനിക്ക് ആകൂമായിരുന്നേനെ" ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വെടിവെപ്പ് കേസിൽ പ്രതിയായ ആർ.പി.എഫ് ജവാന്‍റെ പീഡനങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് പറയുമ്പോൾ വാഹിദ് ഖാൻ അത്രമേൽ അസ്വസ്ഥനായിരുന്നു.
വർഷങ്ങൾ നീണ്ട മാനസിക പീഡനത്തിന്‍റെ അനുഭവങ്ങളാണ് 2023 ജൂലൈ 31ന് നടന്ന ട്രെയിൻ വെടിവെപ്പ് കേസിലെ പ്രതിയായ ആർ.പി.എഫ് ജവാൻ ചേതൻ സിങ് ചൗധരിയെ കുറിച്ച് വാഹിദ് ഖാന് പറയാനുള്ളത്.
2016ലാണ് ഖാനും ചേതൻ കുമാറും ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ആർ.പി.എഫിനെ ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥനായിരുന്നു ചേതൻ. ഉജ്ജെയ്ൻ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായി പ്രവർത്തിച്ചുവരികയായിരുന്നു വാഹിദ് ഖാൻ. അന്ന് തന്‍റെ അടുത്ത് വന്ന് ചേതൻ പേര് ചോദിച്ചിരുന്നുവെന്ന് ഖാൻ പറയുന്നു. താൻ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞത് ചേതനിൽ അസ്വാരസ്യം ഉണ്ടാക്കിയെങ്കിലും അന്ന് അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.
അന്നുമുതൽ പിന്നീടങ്ങോട്ട് എന്നും വാഹിദിനെ ദൂരെ സ്ഥലങ്ങളിൽ ജോലിയാവശ്യത്തിന് എന്ന വ്യാജേന കൊണ്ടുപോകുന്നത് അദ്ദേഹത്തിന്‍റെ പതിവായി മാറി. യാത്രയുടെ പണം കൊടുക്കുന്നതും വല്ലപ്പോഴും മാത്രമായി. 2017 ജനുവരിയിൽ തന്‍റെ മകളെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരാൻ പോകുന്നതിനിടെ ചേതൻ ഖാന്‍റെ ഓട്ടോയിലേക്ക് അതിക്രമിച്ചു കയറുകയും ഓട്ടം പോകുന്നില്ലെന്ന് പറഞ്ഞതോടെ ജയിലിലടക്കുമെന്ന് ഭീഷണിപെടുത്തുകയും തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നും ഖാൻ പറയുന്നു.
"ചേതൻ ഓട്ടോയിലേക്ക് കയറിയപ്പോൾ ഇപ്പോൾ ഓട്ടം പോകുന്നില്ലെന്നും മകൾ സ്കൂളിൽ കാത്തിരിക്കുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ക്ഷുഭിതനായ അദ്ദേഹം എന്നെ തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചു. അസഭ്യം പറഞ്ഞു. അദ്ദേഹത്തിന്‍റെയുള്ളിൽ വല്ലാത്ത വെറുപ്പുണ്ടായിരുന്നു. മുസ്ലിങ്ങളെല്ലാവരും തീവ്രവാദികളാണെന്നും മുസ്ലിങ്ങളുടെ സ്ഥാനം ജയിലിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു" - വാഹിദ് പറഞ്ഞു.
2017ഫെബ്രുവരിയോടെയാണ് വിഷയം കൂടുതൽ ഗുരുതരമാകുന്നതെന്നും ഖാൻ പറഞ്ഞു. "ഒരു ദിവസം എന്‍റെ പരിചയത്തിലുള്ള റെയിൽവേ ഗാർഡ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്‍റെ കണ്ണട കടയിൽ നിന്നും വാങ്ങിവരാൻ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ചേതൻ എന്നെ തടഞ്ഞുനിർത്തി. എന്‍റെ പ്രവർത്തികൾ സംശയാസ്പദമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഞാൻ എന്തിന് വന്നുവെന്ന് പറയാൻ ശ്രമിച്ചിട്ടും അതൊന്നും കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം എന്നെ ആർ.പി.എപ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെയിരിക്കാൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം ചേതൻ നിരന്തരമായി എന്നെ അസഭ്യം പറഞ്ഞുകൊണ്ടേയിരുന്നു. ഇത് ജയിലിന് പുറത്തുള്ള എന്‍റെ അവസാനദിവസമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഞാൻ എനിക്ക് പരിചയമുള്ള മറ്റൊരു ആർ.പി.എഫ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. അദ്ദേഹത്തോടും ചേതൻ സിങ് പറഞ്ഞത് ഞാൻ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയാണ് അവിടെയെത്തിയത് എന്നാണ്. ചേതൻ അതിന് മുമ്പേ തന്നെ എന്‍റെ ടിക്കറ്റ് കീറിക്കളഞ്ഞിരുന്നു. ചേതൻ സിങ്ങിന്‍റെ സഹപ്രവർത്തകനാണ് എന്നെ ഇൻസ്പെക്ടർ ഇൻ-ചാർജിന്‍റെ മുറിയിലേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹം എനിക്ക് പോകാൻ അനുവാദം നൽകുകയായിരുന്നു" - വാഹിദ് പറയുന്നു.
പിറ്റേദിവസവും ചേതൻ തന്നെ കാണുകയും ആർ.പി.എഫ് ഔട്ട്പോസ്റ്റിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 18നാണ് ഖാൻ ചേതൻ സിങ്ങിനെതിരെ ആർ.പി.എഫിൽ പരാതി നൽകുന്നത്. മറ്റൊരു പ്രകോപനവുമില്ലാതെ തന്‍റെ ജാതിയിലുള്ള വിദ്വേഷം മൂലം ചേതൻ ഉപദ്രവിക്കുകയാണ് എന്നായിരുന്നു പരാതി. പരാതി നൽകിയ ശേഷം അദ്ദേഹം തന്നെ ഉപദ്രവിക്കാൻ വന്നിട്ടില്ലെന്നും ഖാൻ പറയുന്നുണ്ട്. പരാതിക്ക് പിന്നാലെ ആർ.പി.എഫ് നിയമങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റമുണ്ടായിട്ടുണ്ടെന്നും അറിഞ്ഞിരുന്നു.
"തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിനെ കുറിച്ച് വാർത്ത കണ്ടിരുന്നു. ആദ്യം അത് ചേതൻ കുമാറാകില്ല എന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് ആണ് അദ്ദേഹം തന്നെയാണെന്ന് ഉറപ്പായത്. ഞാൻ കേസ് പിന്തുടർന്നിരുന്നുവെങ്കിൽ ഒരുപക്ഷേ നാല് ജീവൻ കൂടി രക്ഷിക്കാനാകുമായിരുന്നു" - ഖാൻ പറയുന്നു.
ജൂലൈ 31നായിരുന്നു ജയ്‌പൂർ - മുംബൈ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിൽ വെടിവയ്പ് നടന്നത്. ആർ.പി.എഫ് കോൺസ്റ്റബിളായ ചേതൻ കുമാർ ചൗധരിയാണ് വെടിവച്ചത്. സംഭവത്തിൽ ചേതന്റെ സീനിയർ ഉദ്യോഗസ്ഥനായ ടിക്കാറാം മീണയും അബ്ദുൾ കാദർഭായ് ഭൻപുർവാല, സർദാർ മൊഹമ്മദ് ഹുസൈൻ, അസ്ഗർ അബ്ബാസ് ഷെയ്‌ഖ് എന്നീ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. നടന്നത് വിദ്വേഷ കൊലപാതകമായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
പട്ടികവർഗ വിഭാഗത്തിലുൾപ്പെട്ട ടിക്കാറാം മീണയെ വെടിവച്ച ശേഷം മുസ്ലീം മതവിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് തിരിച്ചറിഞ്ഞവരെ മാത്രമാണ് ഇയാൾ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.