മരണം മുന്നിൽ കണ്ട് പിടയുന്നവരെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ ചിത്രീകരണം; അച്ഛനും മകനും ദാരുണാന്ത്യം
text_fieldsമുംബൈ: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന പവൻകുമാർ സാഹു (40), മകൻ നിതിൻ (19) എന്നിവരെ ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ കെ.ഇ.എൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അപകടത്തിൽപെട്ട് മരണത്തോട് മല്ലടിക്കുന്ന സമയത്തും അവർക്ക് ചികിത്സ ലഭ്യമാക്കാൻ മുൻകൈയെടുക്കാതെ പവൻ കുമാറിന്റെയും മകന്റെയും വീഡിയോ എടുക്കുകയായിരുന്നു വഴിയാത്രക്കാരെന്ന് കുറ്റപ്പെടുത്തി കുടുംബം രംഗത്തുവന്നു. അതിനു പകരം അവരെ ആരെങ്കിലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സഹോദരനും മകനും രക്ഷപ്പെടുമായിരുന്നുവെന്ന് പവൻ കുമാറിന്റെ സഹോദരി പൂനം ഗുപ്ത പറഞ്ഞു. കൃത്യസമയത്ത് അവർക്ക് ആവശ്യമായ സഹായം ലഭിച്ചില്ല. വൈകിയാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പൂനം ഗുപ്ത പറഞ്ഞു.
ജി.ഡി അംബേദ്കർ മാർഗിന് സമീപം ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കലാചൗക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പവൻ കുമാറിന്റെ ഭാര്യ ലാൽതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബസ് ഡ്രൈവർ അരവിന്ദ് ഹ്യൂമനെതിരേ ഐ.പി.സി 279, 304 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്റെ സഹോദരനെയും മകനെയും ഇടിച്ച ബസ് ഡ്രൈവർ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ, അയാൾ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയാണെന്നും പൂനം ഗുപ്ത ചൂണ്ടിക്കാട്ടി.
കോളജ് വിദ്യാർത്ഥിയായ നിതിൻ ഡെലിവറി ഏജന്റായി ജോലിചെയ്യുന്നുണ്ടായിരുന്നു. ജോലിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിതിൻ സ്കൂട്ടർ വാങ്ങിയത്. നിതിൻ ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരിക്കാം അപകടമുണ്ടായതെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.