ഡാൻസ് ചെയ്യുന്നത് അധ്യാപകൻ കൊലപ്പെടുത്തിയ വിദ്യാർഥിയാണോ? യാഥാർഥ്യം പുറത്തുവിട്ട് ആൾട്ട് ന്യൂസ്
text_fieldsന്യൂഡൽഹി: മനസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിച്ച കൊടുംക്രൂരതയായിരുന്നു താൻ ഉപയോഗിക്കുന്ന പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് അധ്യാപകൻ ദലിത് ബാലനെ തല്ലിക്കൊന്ന സംഭവം. രാജസ്ഥാനിലെ ജലോറിലെ ഇന്ദർ മേഘ്‌വാൾ എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
മരണവിവരം പുറത്തുവന്നതോടെ ഒരു കുട്ടി ഡാൻസ് ചെയ്യുന്ന വിഡിയോ ഇന്ദർ മേഘ്‌വാളിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നാടോടി ഗാനത്തിന് അനുസരിച്ച് മനോഹരമായി ചുവടുവെക്കുന്ന കുട്ടിയുടെതായിരുന്നു ദൃശ്യങ്ങൾ. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് പകർത്തിയ വിഡിയോ എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം. "രാജസ്ഥാൻ ജലോറിലെ 9 വയസ്സുള്ള ഇന്ദ്ര മേഘ്‌വാൾ ക്ലാസ് മുറിയിൽ നൃത്തം ചെയ്യുന്ന ഒരു പഴയ വീഡിയോ വൈറലാകുന്നു" എന്ന വിശദീകരണത്തോടെ ദലിത് ടൈംസ് എന്ന ട്വിറ്റർ അക്കൗണ്ടും ഈ ക്ലിപ്പ് ട്വീറ്റ് ചെയ്തു.
എന്നാൽ, നൃത്തം ചെയ്യുന്ന വീഡിയോയിലുള്ളത് രാജസ്ഥാനിൽ അധ്യാപകനാൽ ആക്രമിക്കപ്പെട്ട ദലിത് വിദ്യാർത്ഥിയല്ലെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രസ്തുത വീഡിയോ ചിത്രീകരിച്ചത് താരതാരയിലെ സർക്കാർ സ്‌കൂളിലാണെന്നും ജലോറിലല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഫേസ്ബുക്കിലെ കീവേഡ് സെർച്ചിൽ വീഡിയോയിൽ കാണുന്ന കുട്ടി താരതാര മഠം ഗോമ്രഖ് ധാം ജിയുപിഎസിലെ വിദ്യാർത്ഥിയാണെന്ന് കണ്ടെത്തി. ജൂലൈ 30ന് ടി ആർ ചേലാ റാം റൈക എന്നയാൾ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ സ്‌ക്രീൻഷോട്ടും പോസ്റ്റിലുണ്ട്. "ശനിയാഴ്‌ച നോ ബാഗ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷ് നൃത്തം അവതരിപ്പിക്കുന്നു' എന്നാണ് ഇതിന്റെ അടിക്കുറിപ്പ്. മരിച്ച കുട്ടിയുടേതെന്ന പ്രചാരണം വ്യാപകമായതോടെ ഇദ്ദേഹം ഈ വിഡിയോ വീണ്ടും പങ്കുവെക്കുകയും സത്യാവസ്ഥ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സ്കൂളായ ഗോമ്രഖ് ധാം ജിയുപിഎസിൽ ചിത്രീകരിച്ചതാണെന്ന് ഈ വീഡിയോ എന്നും ജലോർ സംഭവവുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗോമ്രഖ് ധാം ജിയുപി സ്കൂളിൽ ഫോൺ വിളിച്ച് ഇക്കാര്യം ആൾട്ട് ന്യൂസ് സ്ഥിരീകരിക്കുകയും ചെയ്തു. " രണ്ടാം ക്ലാസിൽ പഠിക്കുന്ന ഹരീഷ് ഭിൽ ആണ് വീഡിയോയിൽ കാണുന്ന കുട്ടി. നോ ബാഗ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ ഡാൻസ് ചെയ്യുന്നതാണ് ദൃശ്യം' -അധ്യാപകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.