സ്കൂൾ കുട്ടികൾ ബിയർ കുടിക്കുന്ന വിഡിയോ പുറത്ത്; അന്വേഷണം തുടങ്ങി
text_fieldsഅനകപ്പള്ളി: ആന്ധ്രയിൽ പുതുവത്സരാഘോഷത്തിനിടെ സ്കൂൾ കുട്ടികൾ ബിയർ കുടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആന്ധ്രാപ്രദേശിലെ അനകപള്ളി ചോഡവാരത്തെ ഒരു സർക്കാർ റസിഡൻഷ്യൽ സ്‌കൂളിൽ 6, 7, 10 ക്ലാസുകളിൽ പഠിക്കുന്ന 16 ആൺകുട്ടികളാണ് വിഡിയോയിലുള്ളത്. എല്ലാവരും 13 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്.
ഹോസ്റ്റലിനോട് ചേർന്നുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ബിയറും ബിരിയാണിയും വിളമ്പി വിരുന്നൊരുക്കിയത്. മുറിയിൽ ചിതറിക്കിടക്കുന്ന നിരവധി ഒഴിഞ്ഞ കുപ്പികളും കാണാം.
കെട്ടിടത്തിൽ നിന്നുള്ള ബഹളം കേട്ട് എ.സി മെക്കാനിക്കും സ്കൂൾ ഡ്രൈവറും ചേർന്ന് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം മൊബൈൽ ഫോണിൽ റെക്കോർഡുചെയ്യാൻ ശ്രമിച്ച ഡ്രൈവറെയും മെക്കാനിക്കിനെയും കുട്ടികൾ തടഞ്ഞതായും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചത് ആരാണെന്നതടക്കം അന്വേഷണത്തിൽ വരും.
21 വയസ്സ് തികഞ്ഞവർക്ക് മാത്രമേ സംസ്ഥാനത്ത് ലഹരിപാനീയങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അനുമതിയുള്ളൂ. രണ്ടുവർഷം മുമ്പ് ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത 8, 9 ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.