അന്നപൂർണ റസ്റ്റാറന്റ് ഉടമയും ധനമന്ത്രിയും തമ്മിലുള്ള സ്വകാര്യസംഭാഷണം ചോർന്നതിൽ മാപ്പു പറഞ്ഞ് അണ്ണാമലൈ
text_fieldsകോയമ്പത്തൂർ: അന്നപൂർണ റസ്റ്ററന്റ് ഉടമ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് സ്വകാര്യമായി മാപ്പപേക്ഷിക്കുന്ന വിഡിയോ ചോർന്നതിൽ ഖേദം പ്രകടിപ്പിച്ച് തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട് ബി.ജെ.പിയിൽ ഭിന്നത ഉടലെടുതതിരുന്നു. കോയമ്പത്തൂരിൽ നിർമല സീതാരാമൻ പങ്കെടുത്ത ബിസിനസ് പരിപാടിയിലാണ് അന്നപൂർണ റസ്റ്റാറന്റ് ഉടമ ജി.എസ്.ടിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ മറുപടി നൽകാതെ ചിരിക്കുക മാത്രമാണ് നിർമല സീതാരാമൻ ചെയ്തത്. പിന്നീട് നിർമല സീതാരാമനോട് റസ്റ്റാറന്റ് ഉടമ മാപ്പപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ആണ് ചോർന്നത്.
തുടർന്ന് കോൺഗ്രസും ഡി.എം.കെയും ബി.ജെ.പിയെ വിമർശിച്ച് രംഗത്തുവരികയും ചെയ്തു. ഒരു ചെറുകിട റസ്റ്റാറന്റ് ഉടമയോട് എത്രത്തോളം അവഹേളനപരമായാണ് ധനമന്ത്രി പെരുമാറുന്നതെന്നാണ് ഇരുപാർട്ടികളും വിമർശിച്ചത്. ഈ സാഹചര്യത്തിലാണ് വിഡിയോ ചോർന്നതിൽ അണ്ണാമലൈ രംഗത്തുവന്നത്.
ജി.എസ്.ടിയിലെ അപാകതകൾ മൂലം റസ്റ്റാറന്റ് ഉടമകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ് അന്നപൂർണ ഉടമ ധനമന്ത്രിയെ ധരിപ്പിക്കാൻ ശ്രമിച്ചത്. ക്രീമുള്ള ബണ്ണിന് 18ശതമാനം ജി.എസ്.ടി ചുമത്തുമ്പോൾ, വെറും ബണ്ണിന് ജി.എസ്.ടി ഇല്ലെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതുകാരണം കസ്റ്റമേഴ്സ് സ്ഥിരമായി പരാതി പറയാറുണ്ടെന്നും അദ്ദേഹം വിവരിച്ചു. നിങ്ങൾ ബണ്ണ് തന്നാൽ മതി, ജാമും ക്രീമും ഞങ്ങൾ ചേർത്തോളാം എന്നാണ് പറയാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് ഹോട്ടൽ ഓണേഴ്സ് ഫെഡറേഷൻ ചെയർപേഴ്സൺ കൂടിയാണ് ശ്രീനിവാസൻ.
പിന്നീട് കോയമ്പത്തൂർ സൗത്ത് എം.എൽ.എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തിൽ നടന്ന സ്വകാര്യ പരിപാടിയിൽ ശ്രീനിവാസൻ നിർമലയോട് മാപ്പപേക്ഷിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ എക്സിൽ പോസ്റ്റ് ചെയ്തു. വ്യാപക വിമർശനമാണ് വിഡിയോക്കെതിരെയുണ്ടായത്.
എന്തിനാണ് ഇത്തരമൊരു വിഡിയോ ബി.ജെ.പി പങ്കുവെച്ചത് എന്നായിരുന്നു പ്രധാന ആക്ഷേപം. വിമർശനം കടുത്തതോടെയാണ് അണ്ണാമലൈ ഖേദപ്രകടനവുമായി രംഗത്തുവന്നത്. ''ആദരണീയനായ ബിസിനസ് ഉടമയും ധനമന്ത്രിയും തമ്മിൽ നടന്ന സ്വകാര്യ സംഭാഷണത്തിന്റെ വിഡിയോ ചോർന്നതിൽ ആത്മാർഥമായി മാപ്പു ചോദിക്കുന്നു എന്നാണ് അണ്ണാമലൈ എക്സിൽ കുറിച്ചത്. സ്വകാര്യത ഹനിക്കപ്പെട്ടതിൽ റസ്റ്റാറന്റ് ഉടമയോട് മാപ്പു ചോദിക്കുന്നുവെന്നും അണ്ണാമലൈ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.