ഓടുന്ന കാറിന് മുകളിൽ 'ദീപാവലി വെടിക്കെട്ട്'; വിഡിയോ വൈറൽ, മൂന്ന് പേർ പിടിയിൽ
text_fieldsന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ പടക്കം പൊട്ടിക്കുന്ന വിഡിയോ വൈറലായതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നകുൽ, ജതിൻ, കൃഷ്ണ എന്നീ മൂന്ന് യുവാക്കളാണ് പിടിയിലായത്. ഹരിയായിലെ ഗുരുഗ്രാമിൽ ഒക്ടോബർ 24ന് ദീപാവലി ദിനത്തിലെ രാത്രിയാണ് സംഭവം.
റോഡിലൂടെ ഓടുന്ന കറുപ്പ് നിറത്തിലുള്ള സെഡാൻ മോഡൽ കാറിന്‍റെ ബൂട്ടിന്‍റ മുകളിലായാണ് പെട്ടിയിലുള്ള പടക്കം പൊട്ടുന്നത്. ഡി.എൽ.എഫ് പേസ് മൂന്നിലേക്ക് കാർ നീങ്ങുന്നതാണ് വിഡിയോയിലുള്ളത്.മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങൾ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. തുടർന്ന്, വൈറലായ വിഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി ഉപയോക്താക്കൾ പൊലീസിനോട് സംഭവത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ദീപാവലിക്ക് മുന്നോടിയായി, ഗുരുഗ്രാം ജില്ല കളക്ടർ നിശാന്ത് കുമാർ യാദവ് പടക്കങ്ങളുടെ നിർമാണത്തിനും വിൽപ്പനക്കും ഉപയോഗത്തിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ മുഴുവൻ നിരോധനം ബാധകമാണെന്നും 2023 ജനുവരി 31 വരെ ഇത് പ്രാബല്യത്തിൽ തുടരുമെന്നും ഔദ്യോഗിക ഉത്തരവിൽ പറയുന്നു.ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എൻ.ജി.ടി) ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉത്തരവ് പ്രകാരമാണ് ഇതെന്നും കളക്ടർ പറഞ്ഞു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്തായിരുന്നു തീരുമാനം.മലിനീകരണം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് ജില്ല കളക്ടർ ഉദ്ധരിച്ചു. ഒക്ടോബറിനും ജനുവരിക്കും ഇടയിൽ സംസ്ഥാനത്ത് മലിനീകരണ തോത് ഗണ്യമായി വർധിക്കുമെന്നും ഇത് കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ബോർഡിന്‍റെ ഉത്തരവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.