സഹപ്രവർത്തകരെ രണ്ട് മണിക്കൂർ സ്റ്റേഷനിലെ സെല്ലിലിട്ട് ഉദ്യോഗസ്ഥൻ; പ്രതിഷേധം
text_fieldsപട്ന: ബിഹാറിലെ നവാഡയിൽ അഞ്ച് ജൂനിയർ ഉദ്യോഗസ്ഥരെ ലോക്കപ്പിലിട്ട് പൊലീസ് ഓഫീസർ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു . സെപ്റ്റംബർ എട്ടിനുണ്ടായ സംഭവത്തിൽ ബിഹാർ പൊലീസ് അസോസിയേഷനും സ്റ്റാഫ് യൂണിയനും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നു. എസ്.പി ഗൗരവ് മംഗലക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരെ ലോക്ക് അപ് ചെയ്തത്.
സെക്യൂരിറ്റി ഫൂട്ടേജ് പ്രകാരം എസ്.ഐമാരായ ശത്രുഘ്നൻ പാസ്വാൻ, രാംരേഖ സിങ്, എ.എസ്.ഐ സന്തോഷ് പാസ്വാൻ, സഞ്ജയ് സിങ്, രാമേശ്വർ ഉറോൺ തുടങ്ങിയവരെയാണ് നാഗർ പൊലീസ് സ്റ്റേഷനിൽ ലോക്ക് അപ് ചെയ്തത്. അർധരാത്രിയോടെയാണ് എല്ലാവരേയും തുറന്ന് വിട്ടത്.
അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് എസ്.പിയുടെ ഇതുസംബന്ധിച്ച വിശദീകരണം. എന്നാൽ, ഒമ്പത് മണിയോടെ സ്റ്റേഷനിലെത്തിയ എസ്.പി ചില ഓഫീസർമാരുടെ കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് അവരെ ലോക്ക് അപ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത വ്യാജമാണെന്നായിരുന്നു ഇതുസംബന്ധിച്ച് എസ്.പിയുടെ ആദ്യ പ്രതികരണം.
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരെ ലോക്കപ്പിലടച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വരികയായിരുന്നു. എസ്.പിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ബിഹാർ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് മൃത്യുഞജയ് സിങ് പറഞ്ഞു. എസ്.പി സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.