കർണാടകയിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒന്നിച്ച് കുഴിച്ചുമൂടി
text_fieldsബംഗളൂരു: കർണാടകയിലെ ബെള്ളാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരെ ഒന്നിച്ച് കുഴിച്ചുമൂടുന്നതിെൻറ ദൃശ്യം പുറത്ത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തശേഷം മൃതദേഹങ്ങൾ ഒാരോന്നായി കുഴിയിൽ തള്ളുന്നതിെൻറ രണ്ട് വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ബെള്ളാരി ഡെപ്യൂട്ടി കമീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
വിഡിയോ ശ്രദ്ധയിൽെപട്ടതായും വിഡിയോയുെട ആധികാരികതയെ കുറിച്ചും സംഭവത്തെ കുറിച്ചും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ബെള്ളാരി സ്വദേശികൂടിയായ ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പ്രതികരിച്ചു. കോവിഡ് ബാധിച്ച് തിങ്കളാഴ്ച ബെള്ളാരി ജില്ലയിൽ 12 പേർ മരിച്ചിരുന്നു.
വിജനമായ പ്രദേശത്ത് നിർത്തിയിട്ട വാനിൽനിന്ന് കറുത്ത കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ രണ്ടു കുഴികളിലേക്ക് തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവർ പകർത്തിയതെന്ന് കരുതുന്ന വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ കുഴിയിലിട്ട് മണ്ണുമൂടാൻ ഒരാൾ നിർദേശിക്കുന്നതും വിഡിയോയിൽ കേൾക്കാം.
കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നത് സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ബെള്ളാരി വ്യാവസായിക മേഖലയിലെ മാരമ്മ ക്ഷേത്രത്തിന് പിൻവശത്താണ് സംഭവം നടന്നതെന്നാണ് വിഡിയോ ദൃശ്യങ്ങളിൽ കാണുന്നതെന്ന് ബെള്ളാരി പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ രാമലിംഗപ്പ പറഞ്ഞു.
അതേസമയം, വിവാദ സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ജെ.ഡി-എസ് രംഗത്തെത്തി. പ്രസ്തുത വിഡിയോ സഹിതം ട്വീറ്റ് ചെയ്ത ജെ.ഡി-എസ്, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ കർണാടക സർക്കാർ ഇത്തരത്തിലാണ് പരിഗണിക്കുന്നതെന്നും സർക്കാർ പറയുന്ന 'ആസൂത്രിത കോവിഡ് മാനേജ്മെൻറ്' ഇതാണെന്നും പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.