കോവിഡിനെതിരായ പോരാട്ടത്തിൽ ജാഗ്രത കൈവിടാറായില്ല –രാഷ്ട്രപതി
text_fieldsന്യൂഡൽഹി: രാജ്യവും ലോകവും കോവിഡിനെതിരായ പോരാട്ടത്തിൽ തന്നെയാണെന്നും, ജാഗ്രത കൈവിടാനായിട്ടില്ലെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അതേസമയം, കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ്രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
73ാം റിപ്പബ്ലിക്ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മാനവരാശിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് കോവിഡ് ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനേഷനെ ജനമുന്നേറ്റമാക്കി മാറ്റാനും പരിമിതികൾക്കുള്ളിൽ നിന്ന് കോവിഡിനെ ചെറുക്കാനും ഇന്ത്യക്കായി. എണ്ണമറ്റ കുടുംബങ്ങൾ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ ജീവനുകൾ രക്ഷിക്കാനും കഴിഞ്ഞു.
ഒരൊറ്റ ഇന്ത്യയെന്ന ഐക്യത്തിന്റെ വികാരമാണ് ഈ വേളയിൽ രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഊഷ്മളത ലോകം അംഗീകരിക്കുന്നു. ഭാവി വെല്ലുവിളികൾ നേരിടുന്നതിൽ മെച്ചപ്പെട്ട ഇടമാണിന്ന് ഇന്ത്യ. ആഗോള സമൂഹത്തിൽ ശരിയായ സ്ഥാനം ഇന്ത്യ ഉറപ്പിക്കുക തന്നെ ചെയ്യും.
സ്വരാജ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സമാനതകളില്ലാത്ത ധീരത കാഴ്ചവെച്ച രാഷ്ട്ര നായകരെ ഓർക്കാനുള്ള സന്ദർഭം കൂടിയാണിത്.
ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ അടിസ്ഥാന ശിലകളിലാണ് നമ്മുടെ രാജ്യം നിലകൊള്ളുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.