ലണ്ടനിൽ അറസ്റ്റിലായ വിജയ് മല്യക്ക് ജാമ്യം
text_fieldsലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മണിക്കൂറിനകം മല്യക്ക് ജാമ്യം ലഭിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു 61കാരനായ മല്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെൻറ അറസ്റ്റ് വാർത്ത ഇന്ത്യൻ മാധ്യമങ്ങളുടെ ഉൗതിപ്പെരുപ്പിക്കലാണെന്നും തന്നെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്ന അപേക്ഷയിലെ വാദം കേൾക്കൽ കോടതിയിൽ തുടങ്ങിയതാണ് സംഭവമെന്നും ജാമ്യം കിട്ടിയതിനു പിന്നാലെ മല്യ ട്വീറ്റ് ചെയ്തു.
Usual Indian media hype. Extradition hearing in Court started today as expected.
— Vijay Mallya (@TheVijayMallya) April 18, 2017
മല്യയെ വിട്ടുകിട്ടാൻ ശക്തമായ നിയമനടപടികളുമായി ലണ്ടൻ കോടതിയെ സമീപിക്കാൻ ഇന്ത്യ തീരുമാനിച്ചു. മല്യയുടെ അറസ്റ്റ് ആദ്യ വെടിയൊച്ചയാണെന്നും ലണ്ടനിൽ നടക്കാൻ പോകുന്ന നിയമ നടപടികളുടെ തുടർച്ചയായി ഇന്ത്യയിലെ കോടതിയിൽ വിചാരണക്ക് മല്യയെ വിട്ടുകിട്ടുമോയെന്ന് അറിയാൻ കഴിയുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിയമനടപടികളെപ്പറ്റി ആലോചിച്ചു വരുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാങ്വർ പറഞ്ഞു.
ഇൗ വർഷം ഫെബ്രുവരി എട്ടിനാണ് മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് കത്ത് നൽകുന്നത്. 2016 മാർച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. മല്യ വായ്പയായി എടുത്ത 9000 കോടി രൂപ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കൺസോർട്ട്യം കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു മല്യയുടെ മുങ്ങൽ. കിട്ടാക്കടത്തിെൻറ പേരിൽ മല്യക്കെതിരെ നടപടി തുടങ്ങാൻ ഇന്ത്യയിലെ കോടതി ആവശ്യപ്പെട്ടിരുന്നു. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ മല്യക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുനൈറ്റഡ് ബ്രുവറീസ് എന്ന വൻകിട മദ്യക്കമ്പനിയുടെ ചെയർമാനായിരിക്കെ ഇന്ത്യയിലെ ഏറ്റവും അത്യാഡംബരമെന്ന വാഗ്ദാനത്തോടെ 2005ൽ തുടങ്ങിയ കിങ്ഫിഷർ എയർലൈൻസ് കമ്പനിയുടെ പതനമാണ് മല്യയെ വൻ കടബാധ്യതയിേലക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.