പുതുവത്സരാശംസകൾ നേർന്ന് വിജയ് മല്യ; ട്രോളി നെറ്റിസൺസ്
text_fieldsസാമൂഹിക മാധ്യമത്തിലൂടെ പുതുവത്സരാശംസ നേർന്ന പിടികിട്ടാപ്പുള്ളിയായ വ്യവസായി വിജയ് മല്യയെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
2016ലാണ് വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയത്. ''എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ. നല്ല ആരോഗ്യവും സമാധാനവും ഐശ്വര്യവും സന്തോഷവും കൈവരട്ടെ.''-എന്നായിരുന്നു വിജയ് മല്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
മല്യയുടെ പോസ്റ്റ് നിമിഷ നേരംകൊണ്ടുതന്നെ വൈറലായി. പങ്കുവെച്ച ആദ്യമണിക്കൂറിനകം തന്നെ 221000പേരാണ് പോസ്റ്റ് കണ്ടത്. നിമിഷ നേരം കൊണ്ടു തന്നെ ട്രോളുകളുടെ പൂരമായിരുന്നു. മല്യയുടെ മടക്കവും കാത്ത് വിമാനത്താവളത്തിലിരിക്കുന്ന ബാങ്കുകൾ...എന്നു തുടങ്ങുന്ന ട്രോളുകളായിരുന്നു കൂടുതലും. ചിലർ വിജയ് മല്യക്ക് തിരിച്ചും പുതുവത്സരം ആശംസിച്ചു. ചിലർ ബാങ്കുകളിൽ നിന്ന് തട്ടിയ പണം തിരിച്ചു തരൂ എന്നും കുറിച്ചു.
ജനുവരി 1 ന് രാവിലെ 7 മണിയോടെയാണ് പോസ്റ്റ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ബാങ്ക് അവധിയായ ദിവസമാണിതെന്ന് പലരും സൂചിപ്പിച്ചു. സാധാരണ ബാങ്ക് അവധിയായ ദിവസങ്ങളിലാണ് മല്യ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളതെന്നും ചിലർ കമൻറിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ മല്യ 17 ഇന്ത്യൻ ബാങ്കുകളിൽ നിന്നായി 900 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.