മല്യ മുങ്ങിയത് മോദിയുടെ അറിവോടെ- രാഹുൽ
text_fieldsന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രിയുടേയും സി.ബി.ഐയുടേയും സഹായത്തോടെയാണ് ഇന്ത്യയിൽ നിന്ന് മുങ്ങിയതെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസിൽ സി.ബി.ഐ മാറ്റം വരുത്തി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് അറിയിക്കുകയും ചെയ്തു- രാഹുൽ ഗാന്ധി പറഞ്ഞു.
മല്യയുടെ മഹത്തായ രക്ഷപ്പെടൽ സി.ബി.ഐ സഹായത്തോടെയായിരുന്നു. ലുക്കൗട്ട് നോട്ടീസിൽ മല്യയെ കസ്റ്റഡിയിലെടുക്കണമെന്നത് തിരുത്തി അറിയിപ്പ് നൽകുകയെന്നാക്കി. ഉന്നതനായ വ്യക്തി അകപ്പെട്ട ഇത്തരമൊരു വിവാദ കേസിൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് മാറ്റുമെന്നത് അവിശ്വസനീയമാണ്- രാഹുൽ ട്വീറ്റ് ചെയ്തു.
ലുക്കൗട്ട് നോട്ടീസിൽ മാറ്റം വരുത്തിയത് മല്യ അക്കാലത്ത് അന്വേഷണവുമായി സഹകരിക്കാറുള്ളത് കൊണ്ടായിരുന്നെന്ന് സി.ബി.ഐ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 2011-12ൽ കിംഗ്ഫിഷർ എയർലൈൻസ് സ്ഥാപിക്കാൻ മല്യയെ ഗാന്ധി കുടുംബമാണ് സഹായിച്ചതെന്ന് ബി.ജെ.പി ഇന്നലെ പ്രത്യാരോപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിൻെറ മറുപടി വന്നിരിക്കുന്നത്. രക്ഷപ്പെടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി മല്യ തന്നെ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.