വിലയിട്ടത് 150 കോടി; ഒടുവിൽ 52 കോടിക്ക് വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് വിറ്റു
text_fieldsമുംബൈ: വായ്പ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് 52.25 കോടി രൂപക്ക് വിറ്റു. 150 കോടിയായിരുന്നു ആദ്യം മൂല്യം നിശ്ചയിച്ചിരുന്നത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽനിന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്‌സാണ് വാങ്ങിയത്.
മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് കെട്ടിടം. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ഹെഡ് ക്വാട്ടേഴ്‌സായിരുന്നു. 2016 മാര്‍ച്ചിലാണ് കെട്ടിടം വില്‍ക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ, 150 കോടിക്ക് വാങ്ങാൻ ആരും തയാറായില്ല. ഒടുവിൽ അഞ്ച് വർഷത്തിന് ശേഷം അന്ന് നിശ്ചയിച്ചതിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് ഇപ്പോള്‍ വിറ്റഴിച്ചത്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. വായ്പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കൾ വിൽക്കാൻ പ്രിവൻഷൻ ഒാഫ് മണി ലോൻഡറിങ് ആക്ട് (പി.എം.എൽ.എ) കോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.
കിങ്ഫിഷര്‍ ഹൗസ് വിറ്റുകിട്ടുന്ന പണം വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് ലഭിക്കും. മല്യയുടെ ഓഹരികള്‍ വിറ്റ് ലഭിച്ച 7250 കോടി രൂപ ബാങ്കുകള്‍ക്ക് നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാൻ സി.ബി.ഐ, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.