വിജയിയുടെ പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് രാഹുലിനേയും പിണറായിയേയും ക്ഷണിക്കും
text_fieldsചെന്നൈ: തമിഴ് നടൻ വിജയിയുടെ പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയേയും പിണറായി വിജയനേയും ക്ഷണിച്ചേക്കും. സെപ്തംബർ 23നാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം. ലോക്സഭ പ്രതിപക്ഷ നേതാവിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും വിജയ് ചടങ്ങിന് ക്ഷണിക്കുമെന്നാണ് സൂചന.
ഞങ്ങളുടെ നേതാക്കൾക്ക് പ്രചോദനമാണ് രാഹുൽ ഗാന്ധിയെന്ന് തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാവ് പറഞ്ഞു. രാഹുലിന്റെ സാന്നിധ്യം ദ്രാവിഡ നാട്ടിൽ രാഷ്ട്രീയ തലക്കെട്ടാകും. വിജയ് ഏറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയനേതാവാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിമാരിൽ പിണറായി വിജയന് പുറമേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി എന്നിവരെയും ചടങ്ങിന് ക്ഷണിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും ക്ഷണമുണ്ടാകും.
ഇതിൽ കർണാടകയും തെലങ്കാനയും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളത്തിൽ സി.പി.എമ്മാണ് ഭരണം നടത്തുന്നത്. ഇരു പാർട്ടികളും ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമാണ്. തമിഴ്നാട്ടിൽ ഈ പാർട്ടികളെല്ലാം ഈ സഖ്യത്തിനൊപ്പമാണ്. എന്നാൽ, ആന്ധ്രയും പുതുച്ചേരിയും ഭരിക്കുന്ന പാർട്ടികൾ എൻ.ഡി.എക്കൊപ്പമാണ്.
അതേസമയം, സെപ്തംബർ 23ന് പാർട്ടിയുടെ ആദ്യ യോഗം നടക്കില്ലെന്ന റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറി എൻ.ആനന്ദ് തള്ളി. വിക്രംവാണ്ടി മൈതാനത്ത് സെപ്തംബർ 23ന് തന്നെ യോഗം നടക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വില്ലുപുരം എസ്.പിക്ക് മുമ്പാകെ അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.