മാസ് എൻട്രിയുമായി വിജയ്, ആർത്തിരമ്പി ജനം; ടി.വി.കെയുടെ ആദ്യ സമ്മേളനത്തിന് തുടക്കം
text_fieldsചെന്നൈ: പതിവായുള്ള നാണവും ശാന്തതയും മാറ്റിവെച്ച് പതിനായിരക്കണക്കിന് അനുയായികളോട് വീറോടെ പ്രസംഗിച്ചും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും നടൻ വിജയിയുടെ രാഷ്ട്രീയ പട്ടാഭിഷേകം. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പാർട്ടി അധ്യക്ഷനായ വിജയ് അവകാശപ്പെട്ടു. വിഴുപ്പുറം വിക്കിരവാണ്ടിയിൽ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണ്. തനിച്ച് ഭൂരിപക്ഷം കിട്ടിയാലും മുന്നണിയിലെ സഖ്യകക്ഷികൾക്ക് ഭരണത്തിലും അധികാരത്തിലും പങ്കുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തന്റെ കരിയറിലെ ഉന്നതിയും അതിന്റെ പ്രതിഫലവും ഒഴിവാക്കി ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. ദൈവനിഷേധ നയം സ്വീകരിക്കില്ല. മതാധിഷ്ഠിതമായ ഫാഷിസ-വിഘടനശക്തികളും അഴിമതിക്കാരായ കപടനാട്യക്കാരുമാണ് ടി.വി.കെയുടെ രാഷ്ട്രീയ ശത്രുക്കൾ. തങ്ങളെ പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ എ ടീം, ബി ടീം എന്ന് ആരും മുദ്രകുത്തേണ്ടതില്ല.
ദ്രാവിഡ മോഡൽ ഭരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ അനുവദിക്കില്ലെന്നും പെരിയാർ, അണ്ണാദുരൈ എന്നിവരുടെ പേരിൽ രാഷ്ട്രീയത്തിൽ കുടുംബാധിപത്യ രാഷ്ട്രീയം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഡി.എം.കെയെ പരോക്ഷമായി വിമർശിച്ച് വിജയ് പറഞ്ഞു. വീട്, ഭക്ഷണം, ജോലി എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാത്ത സർക്കാർ ഭരണത്തിൽ തുടർന്നിട്ടും പ്രയോജനമില്ല. ദ്രാവിഡവും ദേശീയതയും തങ്ങളുടെ രണ്ട് കണ്ണുകളാണ്. വെറുപ്പിന്റെ രാഷ്ട്രീയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും വിജയ് പറഞ്ഞു. ജനാധിപത്യം, മതേതരം, സാഹോദര്യം, സാമൂഹികനീതി തുടങ്ങിയ ആശയങ്ങളിലധിഷ്ഠിതമായി പ്രവർത്തിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.
85 ഏക്കർ വിസ്തൃതിയിൽ 170 അടി നീളവും 65 അടി വീതിയുമുള്ള സമ്മേളന നഗരിയിൽ തീർത്ത 600 മീറ്റർ നീണ്ട റാമ്പിലൂടെയാണ് അനുയായികൾക്കിടയിലൂടെ വിജയ് വേദിയിലെത്തിയത്. തുടർന്ന് സമ്മേളന നഗരിയിൽ സ്ഥാപിച്ച 100 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി. സ്വകാര്യഭൂമിയിലെ സമ്മേളന നഗരിയിൽ അഞ്ച് വർഷത്തേക്ക് കൊടിമരം നിലനിർത്തുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
ദ്രാവിഡ മണ്ണിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരന്മാർക്ക് വിജയ് ആദമർപ്പിച്ചു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനന സ്ഥലം എന്നിവക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നും നാടിന്റെ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കളും പ്രവർത്തകരും ദൃഢപ്രതിജ്ഞ ചെയ്തു.
പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ അടക്കമുള്ളവ വിശദമാക്കുന്ന 19 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. വൻ പ്രഖ്യാപനങ്ങൾ നടക്കുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് കാണുന്നത്. കൂടാതെ, പാർട്ടിയുടെ ഭാരവാഹികളെയും കർമപദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. പതാകയും പാർട്ടി ഗാനവും ആഗസ്റ്റ് 22ന് പുറത്തിറക്കി. തമിഴകത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിജയുടെ നിലപാട് എന്താണെന്ന് ഉറ്റുനോക്കുകയാണ്. തമിഴക വെട്രി കഴകത്തെ നേരത്തെ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് ക്ഷണിച്ചിരുന്നു. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് തമിഴക വെട്രി കഴകം നീക്കങ്ങൾ സജീവമാക്കുന്നതെന്നാണ് റിപ്പോർട്ട്.
ഗർഭിണികളും വിദ്യാർഥികളും രോഗബാധിതരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്ന് ടി.വിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവർ മദ്യപിക്കരുത്, വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.