അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് തിരിച്ചടി; വിജയ് കാന്തിന്‍റെ ഡി.എം.ഡി.കെ മുന്നണിവിട്ടു
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി നടന്‍ വിജയ് കാന്തിന്‍റെ ദേശീയ മൂർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) മുന്നണി വിട്ടു. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് ബന്ധം അവസാനിപ്പിക്കുന്നതിൽ എത്തിച്ചേർന്നത്. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതാണ് സഖ്യം തകരാൻ ഇടയാക്കിയതെന്ന് വിജയകാന്ത് വാർത്താകുറിപ്പിൽ അറിയിച്ചു.
സീറ്റ് വിഭജന ചർച്ചയിൽ 41 എണ്ണമാണ് ഡി.എം.ഡി.കെ ആവശ്യപ്പെട്ടത്. എന്നാൽ, 15 സീറ്റ് നൽകാമെന്ന നിലപാടാണ് അണ്ണാ ഡി.എം.കെ സ്വീകരിച്ചത്. അതേസമയം, 23 സീറ്റിൽ കുറയാൻ പാടില്ലെന്ന നിലപാടിൽ ഡി.എം.ഡി.കെ ഉറച്ചുനിൽക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം അവസാനിപ്പിക്കുന്ന രണ്ടാമത്തെ പാർട്ടിയാണ് ഡി.എം.ഡി.കെ.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയകാന്ത് ജനക്ഷേമ മുന്നണിക്കൊപ്പമാണ് മത്സരിച്ചത്. ആകെയുള്ള 234 നിയമസഭ സീറ്റുകളില്‍ 124 സീറ്റിൽ ഡി.എം.ഡി.കെ സ്ഥാനാർഥികളും സി.പി.എം, സി.പി.ഐ, വൈകോയുടെ എം.ഡി.എം.കെ, വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) പാർട്ടികൾ 110 സീറ്റുകളിലും ജനവിധി തേടി.
2011ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റ് നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ ഡി.എം.കെ തകർന്നടിഞ്ഞതോടെ വിജയകാന്ത് പ്രതിപക്ഷ നേതാവുമായി. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാഗമായിരുന്ന ഡി.എം.ഡി.കെ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.