നടനാകാൻ ആഭരണക്കട തുടങ്ങിയ ‘ക്യാപ്റ്റൻ’
text_fieldsതിരുവനന്തപുരം: ഇന്ത്യൻ സിനിമലോകത്തിന്റെ ‘ക്യാപ്റ്റൻ’ വിടവാങ്ങുമ്പോള്‍ ഞെട്ടറ്റുപോകുന്നത് വിജയകാന്തും തിരുവനന്തപുരവുമായുള്ള ആത്മബന്ധം. സിനിമയിൽ മുഖംകാണിക്കാന്‍ മദ്രാസിലും കോടമ്പാക്കത്തും പ്രമുഖ സംവിധായകരുടെയും അവരുടെ അസിസ്റ്റന്റുകളുടെയും പിന്നാലെ നടന്ന് മടുത്താണ് വിജയകാന്ത് 1970ൽ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയത്.
പിതാവ് അളഗർ സ്വാമി മധുരയിൽ അരിമിൽ നടത്തിയിരുന്നു. മില്ലിൽ ജീവിതം തളച്ചിടാൻ വിജയകാന്ത് തയാറായില്ല. തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന ‘വെൽവറ്റ് ഷാമ്പൂ’വിൽ ജോലി തരപ്പെടുത്തി.
ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പള്ളയാർകോവിൽ ലെയിനിലായിരുന്നു. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണൻ പഴവങ്ങാടിക്കും ഓവർബ്രിഡ്ജിനും ഇടയിൽ ഗോൾഡ് കവറിങ്ങിന് പേരുകേട്ട ‘ജ്യോതി ജ്വല്ലറി മാർട്ട്’ നടത്തിയിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ വിജയകാന്ത് ഇവിടെ സ്ഥിരം സന്ദർശകനായി. അവിടെനിന്ന് ലഭിച്ച സുഹൃത്തുകളുമായാണ് വിജയകാന്ത് മലയാള സിനിമകൾ കണ്ടുപഠിച്ചത്.
അജന്ത തിയറ്ററിലും പഴയ ശ്രീകുമാർ, സെൻട്രൽ തിയറ്ററുകളിലും അദ്ദേഹം കണ്ടുതീർത്ത സിനിമകൾക്ക് എണ്ണമില്ല. അവധി ദിവസങ്ങളിൽ വിജയകാന്തിന്റെ നേതൃത്വത്തിൽ സ്ഥിരമായി തിയറ്ററിലെത്തുന്ന തമിഴ് പയ്യന്മാരെ സെൻട്രൽ തിയറ്റർ ജീവനക്കാരനായ ആർ.എസ്. മോഹൻദാസിനും അജന്ത തിയറ്റർ ജീവനക്കാരനായ കണ്ണനും നല്ല ഓർമയുണ്ട്.
മലയാള സിനിമയിലും അവസരത്തിനായി വിജയകാന്ത് പ്രമുഖ സിനിമാക്കാരെ തേടിയിറങ്ങി. ആരും അവസരം നൽകിയില്ല. സിനിമാ കമ്പവുമായി തിരുവനന്തപുരത്ത് അധികനാൾ ചുറ്റിത്തിരിയാൻ പിതാവ് അളഗർസ്വാമി തയാറായില്ല. മധുരയിലെ മിൽ നോക്കി നടത്താൻ ചുമതലപ്പെടുത്തി.
സുന്ദരരാജന്റെ സഹോദരീഭർത്താവായ കണ്ണൻ മരിച്ചതോടെ ജ്വല്ലറി നടത്തിപ്പ് പ്രതിസന്ധിയിലായി.
അവരെ സഹായിക്കാനും തലസ്ഥാനത്ത് തുടരാനുമായി ഏഴു ലക്ഷത്തിന് വിജയകാന്ത് കട വാങ്ങി. കുറച്ചുമാസം ആഭരണങ്ങൾ വിറ്റും സിനിമയിൽ അവസരം അന്വേഷിച്ചു. കട നഷ്ടത്തിലായതോടെ വിറ്റു. സിനിമാ ലോകത്തിന്റെ ക്യാപ്റ്റനായി വളർന്നപ്പോഴും ഓണക്കാലത്തടക്കം അദ്ദേഹം തിരുവനന്തപുരത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിലും എത്തി. ചാലയിലെ വീടും നഗരത്തിലെ ജ്വല്ലറിയും ഇന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.