വിജയകാന്ത് തനിനാടൻ നടൻ; കാർക്കശ്യക്കാരനായ നേതാവ്
text_fieldsചെന്നൈ: നന്മകൾ നിറഞ്ഞ നായകവേഷത്തിലൂടെ തമിഴകത്തിന്റെ മനസ്സ് കീഴടക്കിയ തനിനാടൻ നടനായിരുന്നു വ്യാഴാഴ്ച അന്തരിച്ച നടൻ വിജയകാന്ത്. മിന്നിത്തിളങ്ങിയ പൊലീസ് വേഷങ്ങളിലും ‘കറുപ്പ് എം.ജി.ആർ’ എന്ന വിജയകാന്തിൽ ആ ഗ്രാമീണ വെണ്മ തെളിഞ്ഞുനിന്നു. വില്ലൻ റോളിലെത്തിയ ആദ്യ സിനിമ പരാജയമടഞ്ഞിട്ടും നായകപദവിയിലേക്ക് ഉശിരോടെ വിജയകാന്ത് നടന്നുകയറി. മറ്റ് താരങ്ങളും നിർമാതാക്കളും വായിച്ച് കൊട്ടയിലിട്ട തിരക്കഥകളിൽ വേഷമണിഞ്ഞ് സിനിമ ഹിറ്റാക്കി.
രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ എൺപതുകളിൽ സിനിമാപ്രേമിയുടെ നാവിലെത്തുന്ന ആദ്യപേരായി ഈ നടന്റേത്. തമിഴ് സംസ്കാരം തുളുമ്പുന്ന കഥാപാത്രങ്ങൾ വിജയിച്ചപ്പോൾ മറ്റ് നടന്മാരും ഇദ്ദേഹത്തിന്റെ വഴിയേ പോയിരുന്നു. കറുപ്പുനിറം കാരണം ചില നായികമാർ വിജയകാന്തിനെ ഒഴിവാക്കിയെങ്കിലും ആരാധകർ ഹൃദയത്തിലേക്ക് സ്വീകരിച്ചു. നൂറാം ചിത്രം സൂപ്പർ ഹിറ്റാക്കുകയെന്ന, എം.ജി.ആറിനും ശിവാജി ഗണേശനും രജനികാന്തിനും കമൽഹാസനും സ്വന്തമാക്കാനാകാത്ത നേട്ടവും വിജയകാന്ത് കൈയിലാക്കി. ക്യാപ്റ്റൻ പ്രഭാകർ എന്ന തന്റെ നൂറാം ചിത്രം ദക്ഷിണേന്ത്യ മുഴുവൻ വിജയകാന്ത് ഹിറ്റാക്കി. 15 സിനിമകളിലാണ് ഇദ്ദേഹം പൊലീസ് വേഷത്തിലെത്തിയത്. ഇളയരാജയുടെ മികച്ച പല ഗാനങ്ങളും പിറന്നത് വിജയകാന്തിന്റെ സിനിമകളിലായിരുന്നു.
വെള്ളിത്തിരയിലെ താരപദവിയിലൂടെ ആരാധകരെ രാഷ്ട്രീയ പാർട്ടിയിലേക്ക് ആകർഷിക്കുന്ന തമിഴ്നാട്ടിലെ രീതി വിജയകാന്തും പിന്തുടർന്നു. എം.ജി. രാമചന്ദ്രനുശേഷം സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചത് വിജയകാന്ത് മാത്രമായിരുന്നു. ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) സ്ഥാപിച്ച ഈ നടൻ 2011ൽ 29 സീറ്റുകളുമായി തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പദവിയിലുമിരുന്നു. വ്യക്തിജീവിതത്തിലും സഹജീവി സ്നേഹംകൊണ്ട് എല്ലാവരുടെയും ഇഷ്ടം നേടിയ താരമാണ് വിടപറഞ്ഞത്. ജന്മനാടായ മധുരയിൽ നിരവധി പേർക്കാണ് വിജയകാന്ത് അത്താണിയായത്. മധുര മീനാക്ഷി ക്ഷേത്രത്തിനുസമീപം കച്ചവടം നടത്താൻ വിജയകാന്ത് ധനസഹായം ചെയ്തവർ ഏറെയായിരുന്നു. അച്ഛന്റെ മറ്റൊരു ബന്ധത്തിലുള്ള മക്കളെയും സംരക്ഷിച്ചത് വിജയകാന്തായിരുന്നു. മലയാളികളോടും ഏറെ ഇഷ്ടമായിരുന്നു.
ചെന്നൈയിൽ എവിടെ വേണമെങ്കിലും ഒരു ഫ്ലാറ്റ് തരാമെന്ന് കാമറ അസിസ്റ്റന്റായിരുന്ന തന്നോട് വിജയകാന്ത് പറഞ്ഞതായി മലയാളി സിനിമ പ്രവർത്തകനായ സഹീർ മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് സമയത്ത് തന്റെ ഉടമസ്ഥതയിലുള്ള എൻജിനീയറിങ് കോളജും പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസും താൽക്കാലിക ആശുപത്രിയാക്കാൻ വിട്ടുകൊടുത്തിരുന്നു. എന്നാൽ, വെള്ളിത്തിരയിലെയും വ്യക്തിജീവിതത്തിലെയും സ്നേഹവും കരുണയും ക്ഷമയും ഈ സൂപ്പർ സ്റ്റാറിന് രാഷ്ട്രീയത്തിൽ അന്യമായിരുന്നു. എല്ലാം ത്യജിച്ച് കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സിനിമയിലെ വിജയകാന്ത് രാഷ്ട്രീയത്തിൽ കാർക്കശ്യക്കാരനായ ക്യാപ്റ്റനായിരുന്നു.
നിസ്സാര കാര്യത്തിനുപോലും വഴക്കിട്ടു. കൂടെയുള്ള എം.എൽ.എമാരെ വരെ പാർട്ടിയിൽനിന്ന് പുറത്താക്കി. പലപ്പോഴും പരസ്യമായി അണികളോട് കയർത്തു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനുവരെ അടികൊടുത്തു. സഖ്യകക്ഷി നേതാവായിരുന്ന സാക്ഷാൽ ജയലളിതയോടും കലഹിച്ചു.
ദ്രാവിഡ സംസ്കാരത്തിന്റെ മഹത്വമുയർത്തിപ്പിടിച്ചും ശ്രീലങ്കയിലെ തമിഴർക്കുവേണ്ടി സംസാരിച്ചും തമിഴ്നാട്ടിൽ ജനപിന്തുണ നേടിയ വിജയകാന്തും പാർട്ടിയും 2014ൽ എൻ.ഡി.എ സഖ്യകക്ഷിയായി ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം നിന്നു. തമിഴ്നാട്ടുകാർ പിന്നീട് ഈ നേതാവിനെ കാര്യമായി പരിഗണിച്ചില്ല. ഈ മാസം 13ന് ഭാര്യ പ്രേമലതയെ പാർട്ടി സെക്രട്ടറിയായി വാഴിച്ച ശേഷമാണ് വിടവാങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.