അധികാരം പങ്കിടൽ വാഗ്ദാനവുമായി പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച നീക്കം തെറ്റായെന്ന് സി.പി.എം
text_fieldsമധുര: അധികാരം പങ്കുവെക്കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയ പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച വിജയിയുടെ പാർട്ടിയായ ടി.വി.കെയുടെ നീക്കം തെറ്റായിപ്പോയെന്ന് സി.പി.എം. ഡി.എം.കെ സഖ്യത്തിൽ ഒരു പിളർപ്പും ഉണ്ടാക്കാൻ ടി.വി.കെക്ക് സാധിക്കില്ല. മതേതരത്വത്തോടുള്ള ശക്തമായ പ്രതിബദ്ധതയുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് സഖ്യമെന്ന് സി.പി.എം തമിഴ്നാട് നേതാവ് കെ. ബാലകൃഷ്ണൻ പറഞ്ഞു.
'വിജയ് സഖ്യത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചത് തെറ്റായ രീതിയിലാണ്. അദ്ദേഹം പാർട്ടിയുടെ രാഷ്ട്രീയ ആശയധാര പ്രഖ്യാപിക്കുകയും പിന്തുണ തേടുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അധികാരം പങ്കുവെക്കാം എന്ന വാഗ്ദാനം നൽകുന്നതിലൂടെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പദവികൾക്ക് വേണ്ടി വിട്ടുവീഴ്ചക്ക് തയാറായി നിൽക്കുകയാണെന്ന ധാരണയുണ്ടാക്കുകയാണ്' -കെ. ബാലകൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതിൽ യാതൊരു തെറ്റുമില്ല. മുമ്പും നിരവധി പേർ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിയുടെ ടി.വി.കെയെക്കാൾ വലിയ പാർട്ടി പ്രഖ്യാപനമായിരുന്നു വിജയകാന്തിന്‍റെ ഡി.എം.ഡി.കെ പ്രഖ്യാപനം -അദ്ദേഹം പറഞ്ഞു.
വിക്കിരവാണ്ടിയിൽ ഒക്ടോബർ 27ന് നടന്ന ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഇതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നും ഘടകകക്ഷികൾക്ക് അധികാരം പകർന്നുനൽകുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന് തയാറാണെന്ന വിജയിയുടെ പ്രഖ്യാപനം ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളെ ഉന്നംവെച്ചാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം നയം വ്യക്തമാക്കിയത്.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നാണ് ടി.വി.കെയുടെ പ്രഖ്യാപനം. ടി.വി.കെയുടെ നേതൃത്വം അംഗീകരിച്ച് വേണം കക്ഷികൾ സഖ്യത്തിൽ ചേരാനെന്ന് നേതാക്കൾ പറഞ്ഞു. ടി.വി.കെയുടെ നേതൃത്വം അംഗീകരിക്കാൻ തയാറുള്ള പാർട്ടികൾക്ക് സഖ്യത്തിന് തയാറാകാമെന്ന് പാർട്ടിയുടെ നേതാക്കളിലൊരാൾ പറഞ്ഞു. ടി.വി.കെക്ക് മുഖ്യപങ്കാളിത്തമുള്ള സഖ്യം മാത്രമേ ഉണ്ടാക്കൂ. പാർട്ടിയുടെ സംസ്ഥാന, ജില്ലതല ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.