ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് ദുബെയടക്കം ആറുപേർ; വ്യാജ ഏറ്റുമുട്ടലെന്ന് സുപ്രീം കോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ പൊലീസ് വധിച്ചതോടെ ഇയാളുടെ സംഘത്തിൽ ഒരാഴ്ചക്കിടെ മരിച്ചത് ആറുപേർ. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ദുബെയെ പിടിക്കാനെത്തിയ എട്ടുപൊലീസുകാരെ ഇയാളുടെ അനുയായികൾ വെടിവെച്ചുകൊന്നത്.
ഇതിനുപിന്നാലെ വിവിധ ഇടങ്ങളിലായി ദുബെയുടെ അഞ്ച് സഹായികളെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ വികാസ് ദുബെയും കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട പൊലീസ് വാഹനത്തിൽനിന്ന് രക്ഷപ്പെടാൻ ഇയാൾ തോക്ക് തട്ടിയെടുത്തുവെന്നും തുടർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ, ദുബെയുടെ സംഘത്തിന് നേരെ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. ബി.ജെ.പി നേതാക്കൾ അടക്കമുള്ളവരുമായി സജീവ ബന്ധം പുലർത്തുന്ന ഇയാളെ രഹസ്യങ്ങൾ പുറത്താവാതിരിക്കാൻ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഘാംഗങ്ങളായ അഞ്ച് പേരെ ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഗാൻഷ്യം ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.