‘മരിച്ചയാൾ ഇനി ഒന്നും പറയില്ല’-ദുബെയെ കൊന്നത് രഹസ്യങ്ങൾ മൂടിവെക്കാനെന്ന് പ്രമുഖർ
text_fieldsന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. ‘സർക്കാർ രഹസ്യങ്ങൾ സുരക്ഷിതമായെന്ന്’ ദുബെയുടെ കൊലപാതകത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. “കാർ മറിച്ചിട്ടതല്ല, പക്ഷേ സർക്കാർ അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ടു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘അയാളെ സംരക്ഷിച്ചവരെ എന്തു ചെയ്യും?’
‘‘കുറ്റവാളിയെ ഇല്ലാതാക്കി. അയാൾക്കും അയാളുടെ കുറ്റകൃത്യങ്ങൾക്കും സംരക്ഷണം നൽകിയവരുടെ കാര്യത്തിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നത്’’ - പ്രിയങ്ക ഗാന്ധി ചോദിച്ചു.
ജുഡീഷ്യറിയുടെ പണികൂടി പൊലീസ് ചെയ്യുന്നു
ബി.ജെ.പി ഭരിക്കുേമ്പാൾ ജുഡീഷ്യറിയുടെ പണികൂടി പൊലീസാണ് ചെയ്യുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്‌ത്ര പറഞ്ഞു. ‘പ്രതികളെ കോടതികളിൽ എത്തിക്കുക എന്നതാണ് പൊലീസിെൻറ ജോലി. നീതി ലഭ്യമാക്കുകയെന്നത് കോടതിയുടെ ജോലിയാണ്. ബി.ജെ.പിയുടെ കീഴിലുള്ള ഇന്ത്യയിൽ ഇരുകൂട്ടരും ആശയക്കുഴപ്പത്തിലാണ്" അവർ ട്വീറ്റ് ചെയ്തു.
‘ആ കമ്പനിയിൽനിന്ന് എങ്ങനെയാണ് ഇനി കാർ വാങ്ങുക’
മഴയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന പൊലീസ് വാദത്തെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി രംഗത്തെത്തി. ‘‘ചെറിയ ചാറ്റൽ മഴയിൽ പോലും കാർ മറിയുന്നുവെങ്കിൽ, ആ കമ്പനിയിൽനിന്ന് എങ്ങനെയാണ് ഇനി കാർ വാങ്ങുക? സംഭവത്തിനിടെ ഓടിപ്പോയ പൊലീസുകാർക്ക് വീണ്ടും പരിശീലനം നൽകണം’’ അദ്ദേഹം ട്വിറ്റിൽ കുറിച്ചു.
‘മുൻനിര നേതാക്കൾക്കുള്ള അടുപ്പം ഞെട്ടിക്കുന്നു’
“വികാസ് ദുബെ മരിക്കാൻ അർഹനാണ്. പക്ഷേ, പൊലീസിെൻറ കൈകളാലല്ല, കോടതിയുടെ ഉത്തരവനുസരിച്ചാകണം തൂക്കിലേറ്റേണ്ടത്. യുപി ഗവൺമെൻറിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവോ? നീണ്ട ക്രിമിനൽ ചരിത്രമുള്ള ഇയാളുമായി മുൻനിര നേതാക്കൾക്കുള്ള അടുപ്പം ഞെട്ടിക്കുന്നതാണ്’ -രാജ്യസഭാ എം.പിയായ വിവേക് തങ്ക അഭിപ്രായപ്പെട്ടു.
‘വികാസ് ദുബെ; മരിച്ചയാൾ ഇനി കഥകളൊന്നും പറയില്ല’ എന്നാണ് നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തത്.
"ഏറ്റുമുട്ടൽ കൊല ഒഴിവാക്കാനുള്ള തന്ത്രമായാണ് വികാസ് ദുബെ അറസ്റ്റിന് വഴങ്ങിയതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അങ്ങനെയെങ്കിൽ അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പറയുന്നതിൽ അർത്ഥമില്ല. ദുബെയ്ക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. അവരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനാണോ കൊല്ലപ്പെട്ടത്?’’ -കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു.
‘ഏറ്റുമുട്ടൽ നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അങ്ങനെ ഒന്ന് സംഭവിക്കുമെന്ന് രാജ്യത്തെ ജനങ്ങൾ പ്രവചിക്കുന്നു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയവും തമ്മിലുള്ള വൃത്തികെട്ട അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നത്’‘ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ് അഭിപ്രായപ്പെട്ടു.
വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.ഐ (എം.എൽ) നേതാവ് ദിപങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.