വികാസ് ദുബെയെ പൊലീസ് വെടിവെച്ചു കൊന്നു, ഏറ്റുമുട്ടൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെന്ന് പൊലീസ്
text_fieldsകാൺപുർ: എട്ടു പൊലീസുകാരെ വെടിവെച്ചുകൊന്ന സംഭവത്തിെൻറ ആസൂത്രകനും കുപ്രസിദ്ധ ക്രിമിനലുമായ വികാസ് ദുബെ ദുരൂഹ സാഹചര്യത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച മധ്യപ്രദേശിലെ ഉെെജ്ജനിൽനിന്ന് പിടിയിലായ 50കാരനായ ദുബെയെ വെള്ളിയാഴ്ച രാവിലെ ആറരയോടെ ഉത്തർപ്രദേശിലെ കാൺപുരിലേക്ക് കൊണ്ടുവരുന്ന വഴിയാണ് ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കാൺപുർ എത്താൻ ഒരു മണിക്കൂർ യാത്ര ബാക്കിയുള്ളപ്പോൾ ദുബെയെ കയറ്റിയ കാർ മഴനനഞ്ഞ റോഡിൽ തെന്നി മറിയുകയായിരുന്നു.
ഇൗ അവസരം മുതലാക്കി, പൊലീസുകാരനിൽനിന്ന് തോക്ക് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ദുബെക്കുനേരെ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. കാറിലുണ്ടായിരുന്ന ദുബെയുടെ കൂട്ടാളികളും രക്ഷപ്പെടാൻ ശ്രമിച്ചു. കാർ മറിഞ്ഞ് പൊലീസുകാർക്കും പ്രതികൾക്കും പരിക്കുണ്ട്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ പൊലീസ് വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ തങ്ങൾക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് കാൺപൂർ ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു. തുടർന്ന് സ്വയം പ്രതിരോധത്തിന് പൊലീസ് തിരിച്ച് വെടിവെച്ചു.
പരിക്കേറ്റ ദുബെയെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നുവെന്നും അഗർവാൾ തുടർന്നു. ദുബെയുടെ അഞ്ച് കൂട്ടാളികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലീസുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടത് ദുബെയുടെ അറസ്റ്റിന് മണിക്കൂറുകൾക്കു മുമ്പാണ്. അതിനിടെ, ദുബെക്ക് സുരക്ഷ വേണമെന്നും ഏറ്റുമുട്ടൽ കൊലകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും വ്യാഴാഴ്ച രാത്രി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ദുബെ കൊല്ലപ്പെടുന്നത്.
പിടിയിലാകുന്നത് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ വികാസ് ദുബെയെ കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സുരക്ഷ ഉദ്യോഗസ്ഥരും പൊലീസുകാരും ജാഗ്രതയിലായിരുന്നു. ദുബെയെ കണ്ട വിവരം അറിയിച്ച ക്ഷേത്ര സുരക്ഷ ഉദ്യോഗസ്ഥൻ ശ്രീകോവിലിെൻ പിൻവശത്തെ വാതിലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വിവരം നൽകുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. കൊടുംകുറ്റവാളിക്കായുള്ള തെരച്ചിൽ ആരംഭിച്ചതുമുതൽ വികാസ് ദുബെയുടെ ഫോേട്ടാ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇൗ സമയം ദുബെ ക്ഷേത്രത്തിലെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വികാസ് ദുബെയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ദുബെയെ തിരിച്ചറിയുന്നതിനായിരുന്നു അത്. കൂടാതെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ദുബെയാണെന്ന് ഉറപ്പുവരുത്തി.
‘ക്ഷേത്രത്തിനകത്തേക്ക് ദുബെ കടന്നിരുന്നില്ല. ഒറ്റക്കാണ് ദുബെ നിന്നിരുന്നെങ്കിലും കൂട്ടാളികളുണ്ടാകുമെന്ന അനുമാനത്തിലായിരുന്നു. പിന്നീട് ഒരു ഡസനിലധികം പൊലീസുകാർ എത്തിയതോടെ ദുബെയെ പിടികൂടുകയായിരുന്നു. അവിടെനിന്ന് രക്ഷെപ്പടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ശാരീരികമായി ദുബെയെ കീഴ്പ്പെടുത്തി’ -അദ്ദേഹം പറഞ്ഞു.
പിടികൂടുന്നതിനിടെ ഭീഷണി
പൊലീസുകാർ ദുബെയെ വാഹനത്തികത്തേക്ക് കൊണ്ടുപോകുന്നതിനിടെ താൻ കാൺപൂരിലെ വികാസ് ദുബെയാണെന്ന് പൊലീസുകാരോട് ഭീഷണിമുഴക്കുന്നുണ്ടായിരുന്നു. ദുബെയുടെ പക്കൽനിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് റോഡുമാർഗം ഉജ്ജയിനിൽ എത്തിയതായാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ വികാസ് ദുബെക്കായി നടത്തിയ തെരച്ചിലിനിടയിൽ എട്ടുപൊലീസുകാർ ഗുണ്ടാസംഘത്തിെൻറ വെടിയേറ്റ് മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം യു.പിയിൽനിന്ന് ഹരിയാനയിലേക്ക് ദുബെ കടന്നതായി െപാലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹരിയാന, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ െപാലീസുകാർക്ക് കർശന ജാഗ്രത നിർദേശവും നൽകി. വികാസ് ദുബെയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് പൊലീസ് അഞ്ചുലക്ഷം രുപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കീഴടങ്ങാൻ സന്നദ്ധനായിട്ടും പിടികൂടിയില്ലെന്ന്
ദുബെ കീഴടങ്ങാനുള്ള സന്നദ്ധത യു.പി പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഇയാൾ ജൂലൈ അഞ്ചിനും ആറിനും നോയിഡയിലുണ്ടായിരുന്നതായാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. നോയിഡയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകെൻറ വീട്ടിലായിരുന്നു കഴിഞ്ഞത്.
തുടർന്ന് ഡൽഹി പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും അവരും അറസ്റ്റിന് തയാറായില്ല. പിന്നീട് രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അവരും നടപടികൾ പൂർത്തിയാക്കാൻ തയാറായില്ല. പിന്നീട് ഉജ്ജയിനിലെ വ്യാപാരിയായ സഹോദരെൻറ അടുത്തേക്ക് ദുബെ പോവുകയായിരുന്നു. ഇവിടെ വെച്ചാണ് നാടകീയമായി അറസ്റ്റ് ചെയ്തത്. ഒടുവിൽ സിനിമാസ്റ്റൈലിൽ ഏറ്റുമുട്ടൽ കൊലയും നടന്നു.
കൊല രഹസ്യം സംരക്ഷിക്കാനെന്ന് ആരോപണം
ബി.ജെ.പി നേതാക്കൾ അടക്കമുള്ളവരുമായി സജീവ ബന്ധം പുലർത്തുന്ന ഇയാളെ രഹസ്യങ്ങൾ പുറത്താവാതിരിക്കാൻ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നുണെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയരുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ദുബെയെ പിടിക്കാനെത്തിയ എട്ടുപൊലീസുകാരെ ഇയാളുടെ അനുയായികൾ വെടിവെച്ചുകൊന്നത്. ഇതിനുപിന്നാലെ വിവിധ ഇടങ്ങളിലായി ദുബെയുടെ അഞ്ച് സഹായികളെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ വികാസ് ദുബെയും കൊല്ലപ്പെട്ടു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.