ഗുജറാത്ത് മോഡൽ വികസനം തുറന്ന് കാട്ടി സോഷ്യൽമീഡിയ ക്യാമ്പയിൻ
text_fieldsഅഹമ്മദാബാദ്: നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച 2014 ലെ പൊതുതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത് ഗുജറാത്തിന്റെ 'വികാസ്' (വികസന) അജണ്ടയായിരുന്നു. ഗുജറാത്ത് മോഡൽ വികസനം എന്ന ലേബൽ ദേശീയ തലത്തിൽ തന്നെ ബി.ജെ.പി നേതൃത്വം മോദിക്കു വേണ്ടി വലിയരീതിയിൽ പ്രചരിപ്പിച്ചിരുന്നു. അതേ ഗുജറാത്ത് മോഡൽ വികസന പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണിപ്പോൾ.
ഗുജറാത്തിലെ വികസനത്തെ കളിയാക്കി സംസ്ഥാനത്തെ യുവജനങ്ങൾ തന്നെ വ്യാപകമായ രീതിയിൽ രംഗത്തെത്തി. പാതിദാർ സമുദായത്തിലെ സാഗർ സാവാലിയ എന്ന യുവാവിൻെറ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാർ വിരുദ്ധ സൈബർ പ്രചാരണം ആരംഭിച്ചത്. ടയർ നഷ്ടമായ ഒരു സർക്കാർ ബസിൻെറ ഫോട്ടോ ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റുചെയ്ത് ഗുജറാത്തി ഭാഷയിൽ ഇങ്ങനെ കുറിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകൾ നമ്മുടേതാണ്, എന്നാൽ നിങ്ങൾ ബസിൽ കയറിയാൽ നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വം നിങ്ങളുടേതാണ്. എന്നയിരുന്നു Vikas Has Gone Crazy എന്ന ടാഗ് ലൈനോടെ ഇയാളുടെ പോസ്റ്റ്. 20 വയസ്സുള്ള എൻജിനിയറിങ് വിദ്യാർഥിയായ സാവാലിയ, ബീഫാം ന്യൂസ്.കോം എന്ന വെബ്സൈറ്റ് നടത്തുകയാണ്. പാതിദാർ അനാമത് ആന്ദോളൻ സമിതിയിൽ സജീവ സാന്നിദ്ധ്യമായ ഇയാൾ കൺവീനർ ഹർദിക് പട്ടേലിൻറെ അടുത്തയാളാണ്.
പോസ്റ്റ് വൈറലായതോടെ ഗുജറാത്ത് കോൺഗ്രസ് സൈബർ സംഘവും രംഗത്തെത്തി. നൂറുകണക്കിന് ആശയങ്ങളിൽ അവ സോഷ്യൽ മീഡിയയിൽ തരംഗമായി. വികാസ് ഗാന്ധോ തയോ ചൈ (Vikas Has Gone Crazy) എന്ന ടാഗ് ലൈനിലൂടെ അവികസിത ഗുജറാത്തിൻെറ യാഥർത്ഥ്യങ്ങളിലേക്ക് ട്രോളുകൾ വൈറലായി. തമാശ മാത്രം നിറഞ്ഞതല്ല ഈ ട്രോളുകൾ. ഇന്ധന വില വർധന, സ്കൂൾ ഫീസ് വർധന, റോഡിലെ കുഴികൾ, ജി.എസ്.ടി എന്നിങ്ങനെ എല്ലാം വിഷയങ്ങളായി.
നവംബർ മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്റർനെറ്റിലൂടെ ബി.ജെ.പിക്കെതിരെ ശക്തമായ ക്യാമ്പയിൻ. രാഷ്ട്രീയ വിജയത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആദ്യമായി ഉപയോഗിച്ച പാർട്ടിക്ക് ഒടുവിൽ അവ തിരിഞ്ഞുകൊത്തുകയാണിപ്പോൾ. ഇതിനിടെ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും വിഷയത്തിൽ വീഡിയോ- ഒാഡിയോ സന്ദേശങ്ങളുമായും രംഗത്തുണ്ട്.
ഗുജറാത്തിലെങ്കിലും വികസനത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതിയെക്കുറിച്ച് മാത്രമേ ചർച്ചയുണ്ടാകു എന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിത വാഗാനി ഇതിനോട് പ്രതികരിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ നടക്കുന്ന ബി.ജെ.പി. വിരുദ്ധ പ്രചാരണങ്ങളെ അവഗണിക്കണമെന്ന് ഗുജറാത്തിലെ യുവാക്കളോട് കഴിഞ്ഞ ആഴ്ച അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് സർക്കാറിെൻറ വികസന അവകാശ വാദങ്ങൾക്കെിതിരെ സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിൻ ശക്തമായതോടെയാണ് ദേശീയ അധ്യക്ഷൻ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.