പെണ്ണുകിട്ടാതെ ബുന്ദേൽഖണ്ഡ് ഗ്രാമത്തിലെ യുവാക്കൾ; വിവാഹത്തിന് വിലങ്ങുതടിയായത് വെള്ളം
text_fieldsസ്ത്രീധനം കൊടുക്കാൻ കഴിയാത്തത് കൊണ്ടും തൊഴിലില്ലാത്തത് കൊണ്ടും വിവാഹം മുടങ്ങുന്നുവെന്ന വാർത്ത സർവസാധാരണമാണ്. എന്നാൽ, ജലക്ഷാമം കൊണ്ട് യുവാക്കളുടെ വിവാഹം നടക്കുന്നില്ലെന്ന വാർത്തയാണ് ഇപ്പോൾ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബുന്ദേൽഖണ്ഡിലെ ഗ്രാമത്തിലെ യുവാക്കളുടെ വിവാഹത്തിന് ജലക്ഷാമമാണ് വിലങ്ങുതടിയായത്. ജലക്ഷാമത്തെ തുടർന്ന് പെൺകുട്ടികളെ ഗ്രാമത്തിലേക്ക് വിവാഹം കഴിച്ച് അയക്കാൻ മാതാപിതാക്കൾ തയാറാകുന്നില്ല. ഇതുകാരണം 60 ശതമാനത്തോളം യുവാക്കളുടെ വിവാഹമാണ് മുടങ്ങിയത്. വെള്ളത്തിനായുള്ള പോരാട്ടമാണ് ദൈനംദിന ജീവിതത്തിലെ പ്രധാന ആശങ്കയെന്ന് ഛത്തർപൂർ ജില്ലയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ബെഹാർവാര ഗ്രാമപഞ്ചായത്തിലെ മഹർഖുവ ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു.
ജലക്ഷാമം എന്നത് ബുന്ദേൽഖണ്ഡ് ഗ്രാമവാസികൾ വളരെകാലമായി നേരിടുന്ന പ്രശ്നമാണ്. ഗ്രാമവാസികൾ വന്യമൃഗങ്ങളുള്ള കൊടുംവനത്തിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കാൻ പോകുന്നത്. രാവിലെ ഒമ്പതിനും വൈകിട്ട് നാലിനും ഇടയിൽ ചെറുതും മലിനവുമായ ജലസംഭരണിയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ചെറിയ കണ്ടെയ്നറുകളിലാണ് വെള്ളം ശേഖരിക്കുന്നത്. വസ്ത്രങ്ങൾ കഴുകുന്നതും കുടിവെള്ളം ശേഖരിക്കുന്നതും ഒരേ ജലസംഭരണിയിൽ നിന്നാണെന്ന് ഗ്രാമവാസിയായ അശോക് വിശ്വകർമ വ്യക്തമാക്കുന്നു.
'റോഡിലില്ലാത്തത് കൊണ്ട് സൈക്കിൾ ഉപയോഗിക്കാൻ സാധിക്കില്ല. കന്നുകാലികൾക്ക് നൽകുന്നതും രോഗാണുവുള്ള മലിന ജലമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ ശുദ്ധജലം നൽകാമെന്ന് ഉറപ്പുതരും, എന്നാൽ വിജയിച്ചു കഴിയുമ്പോൾ അവർ ഞങ്ങളെ മറക്കും. സംസ്ഥാന സർക്കാർ കുടിവെള്ളം ലഭ്യമാക്കണം' -ഗ്രാമവാസിയായ ഗജരാജ സിങ് ആവശ്യപ്പെടുന്നു.
അതേസമയം, ഗ്രാമവാസികൾ നേരിടുന്ന ജലക്ഷാമം ചൂണ്ടിക്കാട്ടി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് ബിജാവർ എം.എൽ.എ രാജേഷ് ശുക്ല വ്യക്തമാക്കുന്നത്. മേഖലയിലെ ജലക്ഷാമം പുതിയ വിഷയമല്ല. സംസ്ഥാന സർക്കാരാണ് ഇതിന് പരിഹാരം കാണേണ്ടതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടുന്നു. ജലക്ഷാമം പരിഹരിക്കാൻ പ്രത്യേക പദ്ധതി തന്നെ ഗ്രാമത്തിൽ നടപ്പാക്കണമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.