പശുക്കളുടെ ചവിട്ടേൽക്കാൻ കാത്തുനിൽക്കുന്ന നാട്ടുകാർ, ചവിട്ടേറ്റാൽ പുണ്യം; ഈ ഗ്രാമത്തിലേത് ഏറെ കൗതുകമുള്ള ആചാരം
text_fieldsഭോപ്പാൽ: പശുക്കളുടെ ചവിട്ടേൽക്കാൻ ഇഷ്ടപ്പെടുന്നവർ ആരെങ്കിലുമുണ്ടോ? പശുവിന്‍റെ ചവിട്ട് അതിശക്തമായതിനാൽ പരിക്കേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ, പശുവിന്‍റെ ചവിട്ടേൽക്കാനായി കാത്തുകിടക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്, മധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമത്തിൽ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമാണ് ഇവർക്ക് പശുവിന്‍റെ ചവിട്ടേൽക്കൽ. ഉജ്ജയിനിക്ക് അടുത്തുള്ള ഗ്രാമമായ ബീഡാവാഡിൽ ഗ്രാമവാസികൾ ഏറെ ആഘോഷത്തോടെയാണ് പശുവിന്‍റെ ചവിട്ടേൽക്കുന്ന ചടങ്ങ് നടത്താറ്.
'ഗോമാതാവ്' ഭാഗ്യം നൽകുമെന്ന വിശ്വാസത്തിന്‍റെ ഭാഗമാണ് ഈ ചവിട്ടേൽക്കൽ. നൂറുകണക്കിന് പശുക്കളെ അഴിച്ചുവിട്ട് ഗ്രാമവാസികൾ നിലത്തുകിടക്കും, പശുക്കൾ ഇവരുടെ പുറത്തുകൂടി ചവിട്ടിപ്പോകും. അപകടം പറ്റാൻ സാധ്യതയില്ലേ എന്നുചോദിച്ചാൽ ഇവർ പറയും ഗോമാതാവ് അപകടം വരുത്തില്ല, ഭാഗ്യം മാത്രമേ നൽകൂ എന്ന്. അബദ്ധത്തിൽ മുറിവ് പറ്റിയാൽ ഗോമൂത്രവും ചാണകവുമാണ് ഇവർ മുറിവിൽ പുരട്ടുന്നത്. ഗായ്-ഗൗരി എന്നാണ് ഈ ആഘോഷത്തിന്‍റെ പേര്. പശുവിന്‍റെ കൊമ്പുകളിൽ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കുന്നു. അതോടൊപ്പം കൊട്ടുകുഴലും വാദ്യമേളങ്ങളുടെ അകമ്പടിയുമായിട്ടാണ് പശുവിനെ തുറന്നുവിടുന്നതും ഗായ്-ഗൗരി ആഘോഷിക്കുന്നതും.
പണ്ടുകാലത്ത് ഗ്രാമത്തിലുള്ള ഒരാൾ മകനെ ലഭിക്കാനായി പ്രാർഥിക്കുകയും അയാളുടെ ആഗ്രഹം സഫലമാകുകയും ചെയ്തതോടെയാണ് ഈ ആഘോഷം ആരംഭിച്ചതെന്നാണ് ഇവരുടെ വിശ്വാസം. ബീഡാവാഡ് ഗ്രാമത്തിനടുത്തുള്ള ജബുവാ ജില്ലയിലും ഇത് ആഘോഷിക്കാറുണ്ട്. ചാണകം കൊണ്ടുള്ള ഗോവർദ്ധനപർവതവും ദീപാവലികാലത്ത് ഇവിടെ നിർമിക്കാറുണ്ട്. ഇത്രയും കാലം പശുക്കളുടെ ചവിട്ടേറ്റിട്ടും ആർക്കും ഒരു പരിക്കും ഏറ്റിട്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.