ഹാനൂരിൽ ഗർഭിണിയെ എട്ടു കിലോമീറ്റർ ചുമന്ന് ഗ്രാമീണർ ആശുപത്രിയിലെത്തിച്ചു
text_fieldsഹാനൂർ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും കർണാടകയിലെ ചമരജനഗർ ജില്ലയിലെ ഹാനൂർ താലൂക്ക് ഒരു ഓണം കേറാമൂലയാണ്. ഗതാഗത സൗകര്യമോ മൊബൈൽ ഫോൺ കണക്ടറ്റിവിറ്റിയോ പോലും ഈഗ്രാമത്തിലില്ല. കഴിഞ്ഞ ദിവസം പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ഗ്രാമീണർ ചുമന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗ്രാമം വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
ബ്ലാങ്കറ്റിനകത്ത് ഗർഭിണിയെ കിടത്തി എട്ടു കിലോമീറ്ററോളം ചുമന്നാണ് ആളുകൾ ആശുപത്രിയിലെത്തിച്ചത്. ഹാനൂർ താലൂക്കിലെ എം.എം ഹിൽസ് റെയ്ഞ്ചിന്റെ പരിധിയിലാണ് ഡോഡൻ ട്രൈബൽ ഹാംലറ്റ്. ആറു മണിക്കൂർ ചുമന്നാണ് ശകുന്തളയെ ഗ്രാമീണർ ബുധനാഴ്ച രാത്രി എട്ടു കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഘം ആശുപത്രിയിലെത്തിയത്. അൽപസമയത്തിനകം യുവതി ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. പകൽസമയത്ത് പോലും നടക്കാൻ പ്രയാസമുള്ള വഴിയിലൂടെയാണ് ഗ്രാമീണർ ഗർഭിണിയെയും ചുമലിലേറ്റി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.