യു.പിയിൽ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിന് ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്
text_fieldsലഖ്നോ: യു.പിയിൽ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാദരി ഗ്രാമത്തിലെ ബാബ കബുതാര എന്നയാൾക്കാണ് മർദനമേൽക്കേണ്ടി വന്നത്. കന്നുകാലികൾക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ സ്വാധീന ശക്തിയുള്ള ചിലരാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.
കൃഷിയിടത്തിൽ കടല പറിക്കുന്നതിനിടെ നാല് പേരെത്തി കബുതാരയെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളുടെ കൈയും കാലും ബന്ധിച്ച് മരത്തിൽ തലകീഴാ്യി കെട്ടിത്തൂക്കി. തുടർന്ന് വായിൽ വെള്ളം നിറച്ച് മർദിച്ചു. ദയക്കായി കബുതാര കേണുവെങ്കിലും ഇത് ചെവിക്കൊള്ളാൻ അക്രമികൾ തയാറായില്ല. പിന്നീട് ഇയാളുടെ തല മൊട്ടയടിച്ച് ഗ്രാമത്തിൽ പ്രദിക്ഷിണം ചെയ്യിക്കുകയും ചെയ്തു.
ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് കോൺഗ്രസ് എക്സിലൂടെ പ്രതികരിച്ചു. ജംഗിൾ രാജാണ് യു.പിയിൽ നിലനിൽക്കുന്നത്. ആളുകളുടെ അത്മാഭിമാനത്തിന് അവിടെ വിലയില്ലാതായിരിക്കുന്നു. സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് യു.പി സർക്കാർ സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പ്രതികളാണ് കേസുമായി ബന്ധപ്പെട്ട ഉള്ളതെന്നാണ് യു.പി പൊലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും യു.പി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.