വില്ലന്‍ അമര്‍ സിങ്ങ്
text_fieldsന്യൂഡല്‍ഹി: യു.പിയില്‍ സമാജ്വാദി പാര്‍ട്ടി പിളരുമ്പോള്‍ അണിയറയില്‍ വില്ലന്‍ വേഷത്തില്‍ അമര്‍ സിങ്. അഖിലേഷിനൊപ്പമുള്ള നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കുഴപ്പത്തിന്‍െറ കാരണക്കാരനായി വിരല്‍ചൂണ്ടുന്നത് അമര്‍ സിങ്ങിലേക്കാണ്. കോര്‍പറേറ്റ് ലോകത്തുനിന്ന് രാഷ്ട്രീയത്തിലത്തെിയ അമര്‍ സിങ്ങാണ് മുലായമിനെയും മകനെയും തെറ്റിക്കുന്നതെന്ന് അവര്‍ കരുതുന്നു.
മുലായം പാര്‍ട്ടിയെ നിയന്ത്രിച്ച കാലത്ത് അമര്‍ സിങ്ങായിരുന്നു പാര്‍ട്ടിയിലെ കിങ്മേക്കര്‍. സോഷ്യലിസ്റ്റ് നേതാവിനെ കോര്‍പറേറ്റ് ലോകവുമായി കൂട്ടിയിണക്കിയ അമര്‍ സിങ്ങ് വഴിയാണ് അന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ജയപ്രദ ഉള്‍പ്പെടെയുള്ളവര്‍ സമാജ്വാദി പാര്‍ട്ടിയിലേക്കു വന്നത് അമര്‍ സിങ്ങിലൂടെ തന്നെ. അങ്ങനെ മുലായമിന് അമര്‍ സിങ്ങിനെ കൈവിടാനാകാത്ത നിലയിലായി. പാര്‍ട്ടിയിലെ ഭൂരിപക്ഷ നേതാക്കളും എതിരായതോടെ അമര്‍ സിങ് 2009ല്‍ എസ്.പിയില്‍നിന്ന് പുറത്തായി.
അപ്പോഴും മുലായവുമായുള്ള ഊഷ്മള ബന്ധം തുടര്‍ന്നു. വൈകാതെ അമര്‍ സിങ് പാര്‍ട്ടിയിലേക്കും നേതൃത്വത്തിലേക്കും തിരിച്ചത്തെി. എന്നാല്‍, അഖിലേഷിന്‍െറ ഭരണത്തില്‍ മുമ്പത്തെപ്പോലെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അമര്‍ സിങ്ങിന് കഴിയുന്നില്ല. മുലായമിന്‍െറ മനസ്സിലെ പെരുന്തച്ചന്‍ കോംപ്ളക്സ് ഊതിപ്പെരുപ്പിച്ച് അമര്‍ സിങ് അഖിലേഷിനെ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇളയച്ഛന്‍ ശിവപാല്‍ യാദവിന്‍െറ പിന്തുണയും കിട്ടി.
അഖിലേഷിന്‍െറ നോമിനികളെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മുലായം ഒഴിവാക്കിയത് അമര്‍ സിങ്ങിന്‍െറ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് അണികള്‍ കരുതുന്നത്. എന്തിന് അമര്‍ സിങ്ങിന് ഇത്രത്തോളം വഴങ്ങുന്നുവെന്ന ചോദ്യത്തിന് തന്നെ ജയിലില്‍ പോകുന്നതില്‍നിന്ന് രക്ഷിച്ചത് അമര്‍ സിങ്ങാണ് എന്നാണ് ഈയിടെ പാര്‍ട്ടി യോഗത്തില്‍ മുലായം പറഞ്ഞത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി.ബി.ഐ അനുകൂല റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയതാണ് മുലായം സൂചിപ്പിച്ചത്. മുലായം അമര്‍ സിങ്ങിനെ കൈവിടില്ളെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് അഖിലേഷും രാം ഗോപാല്‍ യാദവും ചേര്‍ന്ന് നേതാജിക്കെതിരെ അട്ടിമറിക്ക് ഒരുങ്ങിയത്.
ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അഖിലേഷിന്‍െറ ആദ്യ തീരുമാനം പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗമായ അമര്‍ സിങ്ങിനെ പുറത്താക്കാനുള്ളതാണ്. നേതാജിയെ വഴിതെറ്റിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണിതെന്ന് അഖിലേഷ് പറയുമ്പോള്‍ അതിലെ സൂചന അമര്‍ സിങ്ങ് തന്നെ. ലണ്ടനിലായിരുന്ന അമര്‍ സിങ് ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചത്തെിയിട്ടുണ്ട്. കുടുംബകലഹത്തിന് കാരണം താനല്ളെന്ന് അമര്‍ സിങ് ആവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.