വിനേഷ് ഫോഗട്ട് തിരിച്ചെത്തി; ഡൽഹിയിൽ വൻ വരവേൽപ്പ്, കണ്ണീരോടെ നന്ദി പറഞ്ഞ് താരം
text_fieldsന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിന് ശേഷം വിനേഷ് ഫോഗട്ട് രാജ്യത്ത് തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ അവർക്ക് വൻ വരവേൽപ്പാണ് നൽകിയത്. ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, കോൺഗ്രസ് എം.പി ദീപേന്ദർ ഹൂഡ എന്നിവർ വിനേഷ് ഫോഗട്ടിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഹരിയാനയിൽ നിന്നുള്ള വിനേഷിന്റെ നാട്ടുകാരും അവരെ സ്വീകരിക്കാനായി എത്തി. വൈകാരികമായി സംസാരിച്ച വിനേഷ് രാജ്യം നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് പറഞ്ഞു. എടുത്തുയർത്തിയാണ് മറ്റ് ഗുസ്തിതാരങ്ങൾ വിനേഷിനെ വിമാനത്താവളത്ത് നിന്നും പുറത്തേക്ക് കൊണ്ട് പോയത്.
ചരിത്രത്തിലാദ്യമായി ഗുസ്തി ഫൈനലിലെത്തിയ താരമായി വിനേഷ് ഫോഗട്ട് മാറിയിരുന്നു. തുടർന്ന് ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിപ്പോയെന്ന് ചൂണ്ടിക്കാട്ടി അധികൃതർ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെ താരം അപ്പീൽ നൽകിയെങ്കിലും കായിക കോടതി തള്ളുകയായിരുന്നു.
തനിക്ക് സംയുക്ത വെള്ളിമെഡലിന് അർഹതയുണ്ടെന്ന് അവകാശപ്പെട്ടാണ് വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചത്. എന്നാൽ, ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് വിനേഷിന്റെ അപ്പീൽ തള്ളിയത്. നേരത്തെ, ലൈംഗികാതിക്ര കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ സമരത്തിലൂടെ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.