വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
text_fieldsന്യൂഡൽഹി: രാഷ്ട്രീയ ഗോദയിലേക്ക് ചുവടുമാറ്റി ഒളിമ്പിക്സ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും. ഇരുവരും വെള്ളിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സീകരിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് ഇവർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കോൺഗ്രസ് പ്രവേശനം. കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽനിന്ന് നിയമസഭ വരെ പോരാടാൻ തയാറാണെന്നും എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞു. വനിത ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബി.ജെ.പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി. കോൺഗ്രസിനെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ പരിശ്രമിക്കുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു. കോൺഗ്രസ് പ്രവേശനത്തിന് മുമ്പ് ഇരുവരും റെയിൽവേ ഉദ്യോഗം രാജിവെച്ചു. ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എന്റെ ജീവിതത്തെ അതിൽനിന്ന് വേർപെടുത്താൻ തീരുമാനിച്ചുവെന്നും രാജിക്കത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചുവെന്നും വിനേഷ് ഫോഗട്ട് വെള്ളിയാഴ്ച രാവിലെ എക്സിൽ കുറിച്ചിരുന്നു. രാജ്യത്തെ വലിയ ചലനങ്ങളുടെ തുടക്കമാണ് വിനേഷ് ഫോഗട്ടിന്റെയും ബജ്റംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
മെഡൽ നഷ്ടം; എല്ലാം തുറന്നുപറയുമെന്ന് ഫോഗട്ട്
ന്യൂഡൽഹി: മോശം സമയത്ത് തങ്ങളുടെ കൂടെ നിൽക്കുന്നവർ ആരാണെന്ന് തിരിച്ചറിഞ്ഞുവെന്ന് കോൺഗ്രസ് അംഗത്വമെടുത്ത ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും. വനിത ഗുസ്തി താരങ്ങൾക്ക് നേരെ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ലൈംഗികാതിക്രമം നടത്തിയപ്പോൾ നീതി ലഭിക്കാൻ തെരുവിൽ ഇറങ്ങേണ്ടിവന്നു. അന്ന് തങ്ങൾക്കൊപ്പമുണ്ടായത് കോൺഗ്രസാണെന്നും ഇരുവരും പറഞ്ഞു.
തങ്ങൾക്കൊപ്പം നിൽക്കാൻ ബി.ജെ.പി നേതാക്കൾക്കും കത്ത് നൽകിയതാണ്. എന്നാല്‍, ഒപ്പം നിന്നത് കോൺഗ്രസാണ്. ഒളിമ്പിക്സ് മെഡല്‍ നഷ്ടത്തില്‍ ഒരുദിവസം എല്ലാം തുറന്നു പറയും. ഇതിന് മാനസികമായി തയാറെടുക്കേണ്ടതുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.താൻ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കില്ല, ഒളിമ്പിക്സിൽ എത്തില്ല എന്നൊക്കെയാണ് ബി.ജെ.പി ഐ.ടി സെൽ പ്രചരിപ്പിച്ചത്. എല്ലാം ഞാൻ കാണിച്ചുകൊടുത്തു. ഇപ്പോൾ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചു. മനസ്സ് അർപ്പിച്ചാണ് മത്സരിച്ചത്. അതേ മനസ്സോടെ രാഷ്ട്രീയത്തിലും പോരാടുമെന്നും വിനേഷ് കൂട്ടിച്ചേർത്തു.
പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. ഹരിയാന തെരഞ്ഞെടുപ്പിൽ വിനേഷ് മത്സരിക്കുമെന്നാണ് വിവരം. ബജ്റംഗ് പുനിയ മത്സരിക്കില്ലെന്നും പകരം സംസ്ഥാനത്തുടനീളും പ്രചാരണത്തിനിറങ്ങുമെന്നുമാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.