ബിൽകീസ് ബാനുവിനെ അഭിനന്ദിച്ച് വിനേഷ് ഫോഗട്ട്: ‘ബിൽകി ജീ, നിങ്ങൾ ഞങ്ങൾക്കും ധൈര്യം പകരുന്നു!’
text_fieldsന്യൂഡൽഹി: 2002 ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടക്കൊലയും കൂട്ടബലാത്സംഗവും നടത്തിയ 11 കുറ്റവാളികളെ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അതിവേഗം മോചിപ്പിച്ചതിനെതിരെ നിയമയുദ്ധം നടത്തി വിജയിച്ച ബിൽക്കീസ് ബാനുവിനെ അഭിനന്ദിച്ച് ഗുസ്‍തി താരം വിനേഷ് ഫോഗട്ട്. ‘ബിൽക്കി ജി, ഇത് നമ്മൾ എല്ലാ സ്ത്രീകളുടെയും വിജയമാണ്’ എന്ന് വിനേഷ് എക്സിൽ പോസ്റ്റ് ചെയ്തു.
‘ബിൽക്കി ജി, ഇത് നമ്മൾ മുഴുവൻ സ്ത്രീകളുടെയും വിജയമാണ്. നിങ്ങൾ നീണ്ട യുദ്ധമാണ് നയിച്ചത്. നിങ്ങളെ കാണുന്നത് ഞങ്ങൾക്കും ധൈര്യം പകരുന്നു’ -വിനേഷ് തുടർന്നു. കേസിൽ വിധി വന്നപ്പോൾ ബിൽക്കീസ് ബാനു നടത്തിയ പ്രതികരണം പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം.
‘കുന്നോളം പോന്നൊരു കല്ല് എന്റെ നെഞ്ചിൽ നിന്ന് നീങ്ങിപോയതുപോലെ. വീണ്ടും ശ്വസിക്കാനാകുന്നു. ഇങ്ങിനെയാണ് നീതി അനുഭവപ്പെടുന്നത്. എനിക്കും എന്റെ മക്കൾക്കും എല്ലാ സ്ത്രീകൾക്കും ന്യായവും പ്രതീക്ഷയും നൽകുന്ന വിധിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് നന്ദിയുണ്ട്’ എന്നായിരുന്നു ബിൽകീസിന്റെ പ്രതികരണം.
വംശഹത്യക്കിടെ പിഞ്ചുകുഞ്ഞ് അടക്കം കുടുംബത്തിലെ 14 പേരെ കൂട്ടത്തോടെ കൊലപ്പെടുത്തുകയും ഗർഭിണി അടക്കം മൂന്നുപേരെ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും ചെയ്ത കേസിൽ ഗുജറാത്ത് ബി.ജെ.പി സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികളെ വീണ്ടും ജയിലിലടക്കാൻ സുപ്രീംകോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് ശിക്ഷ കാലാവധി തീരുംമുമ്പ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ചരിത്ര വിധി.
बिलकिस जी ये हम सब महिलाओं की जीत है।
— Vinesh Phogat (@Phogat_Vinesh) January 8, 2024
आपने लंबी लड़ाई लड़ी है। आपको देखकर हमें भी हिम्मत मिली है। 🙏 pic.twitter.com/zKWsPMjdhF
പ്രതികളുമായി ഒത്തുകളിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഗുജറാത്ത് സർക്കാർ നിയമവാഴ്ചയെ അട്ടിമറിച്ചെന്നും പ്രതികളിലൊരാൾ അനുകൂല ഉത്തരവിനായി സുപ്രീംകോടതിയെ കബളിപ്പിച്ചെന്നും ജസ്റ്റിസ് നാഗരത്ന എഴുതിയ വിധിപ്രസ്താവം തുറന്നടിച്ചു. ശിക്ഷ തീരാതെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികളെയും രണ്ടാഴ്ചക്കകം വീണ്ടും ജയിലിലടക്കാൻ ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാൻകൂടി അടങ്ങുന്ന ബെഞ്ച് വിധിച്ചു.
2022ലെ സ്വാതന്ത്ര്യദിന ആഘോഷവേളയിൽ 11 കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ റിട്ട് ഹരജിയിലെയും മഹുവ മൊയ്ത്ര, സുഭാഷിണി അലി തുടങ്ങിയവരുടെ പൊതുതാൽപര്യ ഹരജികളിലെയും ആവശ്യം അംഗീകരിച്ചാണ് വിധി.
കേസിലെ പ്രതിയായ രാധേ ശ്യാം ഭഗവാൻ ദാസ് ജയിൽ മോചനത്തിനുള്ള അപേക്ഷ മഹാരാഷ്ട്ര സർക്കാർ മുമ്പാകെ സമർപ്പിക്കുകയും ശിക്ഷ വിധിച്ച മുംബൈ കോടതിയിലെ സ്പെഷൽ ജഡ്ജി ഇത് അനുവദിക്കരുതെന്ന് അഭിപ്രായം അറിയിക്കുകയും ചെയ്തതാണ്. അതിനുശേഷമാണ് സുപ്രീംകോടതി മുമ്പാകെ റിട്ട് ഹരജിയുമായി രാധേ ശ്യാം എത്തി അനുകൂല വിധി നേടിയത്. ഇതിലൂടെയാണ് 11 പ്രതികളുടെയും മോചനത്തിന് വഴിയൊരുങ്ങിയത്.
പ്രതികളെ ശിക്ഷ കാലാവധി തീരുംമുമ്പ് മോചിപ്പിക്കാനുള്ള അപേക്ഷ മഹാരാഷ്ട്ര സർക്കാർ മുമ്പാകെ സമർപ്പിച്ചതും മോചിപ്പിക്കാനാവില്ലെന്ന് മുംബൈ കോടതി വ്യക്തമാക്കിയതും ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ഈ എതിരഭിപ്രായം തള്ളിക്കളഞ്ഞ് കുറ്റകൃത്യം നടന്ന ഗോധ്ര ജില്ല സെഷൻസ് ജഡ്ജിയുടെ അഭിപ്രായം തേടി. ഈ നടപടിക്രമം തെറ്റായിരുന്നുവെങ്കിലും ഗോധ്ര ജഡ്ജിയും മോചനത്തിന് എതിരായിരുന്നുവെന്ന് വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ശിക്ഷ കാലാവധി പൂർത്തിയാകാതെ വിട്ടയക്കുന്നതിനു മുമ്പ് പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം നിർബന്ധമല്ലെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി. രാജുവിന്റെ നിലപാട് ശരിയല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ശിക്ഷ തീരുംമുമ്പ് മോചിപ്പിക്കാനുള്ള അപേക്ഷ അനുവദിക്കണോ വേണ്ടയോ എന്നുമാത്രമല്ല, അതിനുള്ള കാരണവും കൂടി വിചാരണ കോടതി ജഡ്ജി വ്യക്തമാക്കണം. തന്റെ അഭിപ്രായത്തോടൊപ്പം ജഡ്ജി വിചാരണ രേഖയുടെ പകർപ്പും സമർപ്പിക്കണം. ഇത്രയും ഉപാധികൾ നിഷ്‍കർഷിച്ച നടപടിക്രമമാണ് നിർബന്ധമല്ലെന്ന് എ.എസ്.ജി ബോധിപ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.