ജുലാനയിൽ മത്സരം കടുക്കും; ആത്മവിശ്വാസം കൈവിടാതെ വിനേഷ് ഫോഗട്ട്
text_fieldsഛണ്ഡിഗഢ്: ഒക്ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് നേരിടുന്നത് കടുത്ത മത്സരമെന്ന് റിപ്പോർട്ട്. പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്.
പിന്നീട് കോൺഗ്രസിൽ ചേർന്ന അവർക്ക് ജുലാനയിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകി. ആം ആദ്മി പാർട്ടിയുടെ കവിത ദലാൽ ആണ് മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത് യോഗേഷ് ബൈരാഗിയാണ്. ബി.ജെ.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത മണ്ഡലത്തിൽ 1972, 2000, 2005 വർഷങ്ങളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 2009ലും 2014ലും ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) വിജയിച്ചു.
ജനനായക് ജനതാ പാർട്ടിയുടെ (ജെ.ജെ.പി) അമർജീത് ധണ്ഡയാണ് നിലവിലെ എം.എൽ.എ. ജുലാനയെ ഐ.എൻ.എൽ.ഡിയുടെ ശക്തികേന്ദ്രമായാണ് കാണുന്നത്. ജെ.ജെ.പിയാകട്ടെ ഐ.എൻ.എൽ.ഡിയിൽ നിന്നും വന്നവരാണ്.
ഐ.എൻ.എൽ.ഡി ലാത്തർ ഗോത്രത്തിന്റെ പിന്തുണയുള്ള സുരീന്ദർ ലാത്തറിനെ രംഗത്തിറക്കി. ജാട്ട് ആധിപത്യമുള്ള മണ്ഡലത്തിലെ നാല് സ്ഥാനാർത്ഥികളും ജാട്ട് സമുദായത്തിൽ പെട്ടവരാണ്.
ഇത് വോട്ടുകളിൽ ഭിന്നിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. 80,000 ജാട്ട് വോട്ടുകളാണ് ജുലാനയിൽ ഉള്ളത്. അതിനിടെ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ കോൺഗ്രസ് നേതാക്കളിൽ ചിലരും അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പു സജീവമായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളായ മുൻ എം.എൽ.എ പർമീന്ദർ ദുൽ, ധർമ്മേന്ദർ ദുൽ, രോഹിത് ദലാൽ എന്നിവരാണ് ഉൾവലിഞ്ഞത്.
വിനേഷ് ഫോഗട്ട് ഹരിയാൻവി ഭാഷയിൽ ‘ജുലാന കി ബഹു’ (ജുലാനയുടെ മരുമകൾ) എന്ന് ധീരമായി പ്രഖ്യാപിച്ചാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.