കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനം തടയണം; ഖാർഗെയോട് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച് സ്ത്രീകളുടെ അന്തസ്സിടിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. കോൺഗ്രസ് നേതാക്കൾ സ്ത്രീകളുടെ അന്തസ്സിടിക്കാതിരിക്കാൻ പാർട്ടി കൈകൊണ്ട നടപടികൾ ഏപ്രിൽ 12ന് വൈകുന്നേരത്തിനകം അറിയിക്കണമെന്ന് കമീഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് കാണിച്ച് കോൺഗ്രസ് കമീഷന് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് സുപ്രിയ ഷിനാറ്റെയും രൺദീപ് സുർജെവാലയും നടത്തിയ പരാമർശങ്ങളുടെ പേരിൽ മല്ലികാർജുൻ ഖാർഗെക്കുള്ള കമീഷൻ കൽപന.
കോൺഗ്രസ് വക്താവ് സുപ്രിയ ഷിനാറ്റെ കങ്കണ റണാവതിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ ഹേമ മാലിനിക്കെതിരെ രൺദീപ് സുർജെവാല ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് ഇത് ആവർത്തിക്കാതിരിക്കാൻ ഖാർഗെ നടപടി എടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടത്. രൺദീപ് സുർജെവാലക്കുള്ള നോട്ടീസിന് പുറമെയാണ് ഖാർഗെക്ക് പ്രത്യേക നിർദേശം.
സുപ്രിയ ഷിനാറ്റെക്ക് താക്കീത് നൽകിയ ശേഷം രൺദീപ് സുർജെവാല ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശം അശ്ലീലവും സംസ്കാരശൂന്യവുമാണെന്ന് കമീഷൻ പറഞ്ഞു. വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടും കോൺഗ്രസ് നേതാക്കൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തത് നിർഭാഗ്യകരമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.