ഹോളിയുടെ മറവിൽ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം; സംഭവം യു.പിയിലെ ബിജ്നൂരിൽ
text_fieldsബിജ്നൂർ: ഉത്തർ പ്രദേശിലെ ബിജ്നൂരിൽ ഹോളി ആഘോഷത്തിന്‍റെ മറവിൽ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ വനിത മാധ്യമപ്രവർത്തകയായ സദഫ് അഫ്രീനാണ് എക്സിലൂടെ പുറത്തുവിട്ടത്.
ബിജ്നൂരിലെ ദാംപൂരിലാണ് സംഭവം. ബൈക്കിൽ വന്ന യുവാവും രണ്ട് സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കൾ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പൈപ്പും ബക്കറ്റും ഉപയോഗിച്ച് മൂന്നു പേരുടെയും ദേഹത്ത് വെള്ളം ഒഴിച്ചു. ഇതിന് പിന്നാലെ യുവാവിന്‍റെയും സ്ത്രീയുടെയും മുഖത്ത് ബലമായി ഹോളി ചായം തേക്കുകയായിരുന്നു.
ചായം തേച്ചവരും ബൈക്കിൽ വന്നവരുമായി തർക്കിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളിൽ ഒരാൾ കൈയിൽ മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിർന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്ത്രീകളെ തടയുന്നതും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ബലമായി ചായങ്ങൾ തേക്കുന്നതും കുറ്റമല്ലേ എന്ന് മാധ്യമപ്രവർത്തക എക്സിലൂടെ ചോദിക്കുന്നു. റമദാൻ വ്രതം തുടരുകയാണ്. ആളുകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നു. ആഘോഷത്തിന്‍റെ പേരിൽ ഇക്കൂട്ടർ കോലാഹലം ഉണ്ടാക്കുമോ എന്നും സദഫ് അഫ്രീൻ ആശങ്ക പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.