സ്ത്രീകൾക്കെതിരായ അതിക്രമം: കേസെടുക്കുന്നതിനാലാണ് ചില സംസ്ഥാനങ്ങൾ മുന്നിൽ -രഹാന റിയാസ്
text_fieldsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ് ചില സംസ്ഥാനങ്ങൾ ഇതിൽ മുന്നിലാകുന്നതെന്ന് രാജസ്ഥാൻ വനിത കമീഷൻ അധ്യക്ഷയും മലയാളിയുമായ രഹാന റിയാസ് 'മാധ്യമ'ത്തോടു പറഞ്ഞു.
കേരളംപോലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അവരുടെ പരാതികളും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് രാജസ്ഥാനെന്നും അവർ കൂട്ടിച്ചേർത്തു. പരാതിയുമായി ഒരു സ്ത്രീ വന്നാൽ അതിൽ നിർബന്ധമായും കേസെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഉത്തരവിട്ടശേഷമാണ് രാജസ്ഥാനും ഈ പഴി കേൾക്കാൻ തുടങ്ങിയത്.
ഉത്തർപ്രദേശ് പോലുള്ള മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിൽ കയറാൻ സാധിക്കാത്ത അവസ്ഥയുണ്ട്. അവർ വന്നാൽതന്നെ കേസെടുക്കാതിരിക്കാനാണ് ശ്രമിക്കുക. സമ്മർദമുണ്ടായാൽ കേസ് അനായാസം അട്ടിമറിയുകയും ചെയ്യും -അവർ പറഞ്ഞു.
കോട്ടയം കടുത്തുരുത്തി വട്ടത്തൊട്ടി ജോസഫ് മാണിയുടെയും അന്നമ്മയുടെയും മകളായ രഹാന 1973ൽ ബികാനീർ മെഡിക്കൽ കോളജിൽ നഴ്സായിരുന്ന ചേച്ചിയുടെ അടുത്തേക്ക് വന്നതോടെയാണ് രാജസ്ഥാൻകാരിയായി മാറുന്നത്. പിന്നീട് റെയിൽവേയിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചു.
അവിടെതന്നെ ജോലിയുണ്ടായിരുന്ന റിയാസ് അഹമ്മദിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് ബികാനീറിൽനിന്ന് 200 കിലോമീറ്റർ അകലെ ചുരുവിൽ താമസമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനൊപ്പം പ്രവർത്തിച്ചിരുന്ന ഭർതൃകുടുംബത്തിന്റെ കോൺഗ്രസ് പശ്ചാത്തലമാണ് രഹാനയെ രാഷ്ട്രീയത്തിലെത്തിച്ചത്.
1985ലെ തെരഞ്ഞെടുപ്പിൽ ഭർത്താവിന്റെ സുഹൃത്തിനായി ഗൃഹസമ്പർക്ക പ്രചാരണത്തിനിറങ്ങിയാണ് രാഷ്ട്രീയപ്രവർത്തന തുടക്കം. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികളിലെത്തി. ശേഷം രാജസ്ഥാൻ പി.സി.സി സെക്രട്ടറിയായി. 2014ൽ പി.സി.സി ജനറൽ സെക്രട്ടറിയായി. 2017ൽ മഹിള കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി. ഫെബ്രുവരി 11നാണ് രാജസ്ഥാൻ വനിത കമീഷൻ അധ്യക്ഷയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.