അർധരാത്രി ഗുസ്തിതാരങ്ങളും പൊലീസും തമ്മിൽ സംഘർഷം; യുദ്ധസമാന സന്നാഹങ്ങളുമായി പൊലീസ്
text_fieldsന്യൂഡൽഹി: ലൈംഗിക പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പൊലീസുകാർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. പൊലീസും സമരക്കാരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെ സമരപ്പന്തലിലേക്കു കട്ടിലുകൾ എത്തിച്ചതു പൊലീസ് തടഞ്ഞതാണു പ്രശ്നമായത്. ഒരു പൊലീസുകാരൻ രണ്ട് വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസും അർധസൈനികരും ചേർന്ന് സമരപ്പന്തലിന് ചുറ്റും യുദ്ധസമാന സന്നാഹങ്ങളുമായി അണിനിരന്നിരിക്കുകയാണ്. മാധ്യമപ്രവർത്തകർ അടക്കം ആരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. നിരവധി ബാരിക്കേഡുകൾ ഉയർത്തി വഴി തടഞ്ഞു. നൂറുകണിക്കിന് പൊലീസുകാരും അർധസൈനികരുമാണ് ജന്ദർമന്ദിറിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്നലെ പകൽ മഴ പെയ്തതിനാൽ സമരപ്പന്തലിലെ കട്ടിലുകൾ നനഞ്ഞുപോയിരുന്നു. പകരം ഉപയോഗിക്കാനുള്ള കിടക്കകളും മടക്കിവെക്കാവുന്ന കട്ടിലുകളും ആംആദ്മി പ്രവർത്തകർ കൊണ്ടുവരുമ്പോഴാണു പൊലീസ് തടഞ്ഞത്. എ.എ.പി നേതാവ് സോമനാഥ് ഭാരതിയെയും രണ്ട് അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ബാരിക്കേഡ് തകർത്ത് അനുമതിയില്ലാതെ സമരസ്ഥലത്തു പ്രവേശിച്ചതിന്റെ പേരിലാണു നടപടി. പൊലീസ് നടപടിയെ ഗുസ്തി താരങ്ങൾ അപലപിച്ചു.
അതിനിടെ, ബ്രിജ് ഭൂഷണിനെതിരെ തങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് ഒരു നടപടിയും എടുത്തില്ലെന്നും ഒരാളുടെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ഏഴ് ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഇതിനുപുറമെ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ താരങ്ങൾ സുപ്രീംകോടതിയുടെ അനുമതിയും തേടി. വനിതാ താരങ്ങൾ സുപ്രീംകോടതിക്ക് സത്യവാങ്മൂലം നൽകുന്നതിനുപകരം കേസന്വേഷിക്കുന്ന ഡൽഹി പൊലീസിന് നൽകിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് സുപ്രീംകോടതിയെ അറിയിച്ചശേഷവും വനിതാ താരങ്ങളുടെ പരാതിയിൽ ഡൽഹി പൊലീസ് ഒന്നും ചെയ്തില്ലെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ബോധിപ്പിച്ചു. ക്രിമിനൽ നടപടിക്രമം 161 വകുപ്പ് പ്രകാരം എടുക്കേണ്ട മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ, ലൈംഗിക പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ അടങ്ങുന്ന സത്യവാങ്മൂലം മുദ്രവെച്ച കവറിൽ നൽകാൻ അനുവദിക്കണം.
സത്യവാങ്മൂലത്തിന്റെ പകർപ്പ് കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറലിന് നൽകാമെങ്കിലും പരസ്യപ്പെടുത്തരുതെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് നടപടി വരുമെന്ന് കണ്ടതോടെയാണ് കേസെടുക്കാമെന്ന് കേന്ദ്രം അറിയിച്ചത്. സാധാരണഗതിയിൽ ക്രിമിനൽ നടപടി ക്രമം 156ാം വകുപ്പ് പ്രകാരം പൊലീസ് സൂപ്രണ്ടിന് പരിഹരിക്കാവുന്ന പരാതിയാണെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിന് നോട്ടീസ് അയച്ചത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട്, ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന ഗുസ്തി താരങ്ങൾ ഉന്നയിച്ച ഗൗരവമേറിയ ആരോപണമാണിതെന്ന് സുപ്രീംകോടതി ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തു.
കേസ് വീണ്ടും പരിഗണിക്കാനായി ഏപ്രിൽ 28ലേക്ക് മാറ്റിയ സുപ്രീംകോടതി അന്നേക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടത്. ബലാത്സംഗ കുറ്റകൃത്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നാണ് ക്രിമിനൽ നടപടിക്രമം 166 എ വകുപ്പിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.