യു.പി തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം; പൊലീസിനും കിട്ടി അടി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ 17 ജില്ലകളിൽ വ്യാപക അക്രമം. ലാത്തിയും വടിയും തോക്കും ബോംബുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടു. പലയിടത്തും പൊലീസിനും സുരക്ഷ സേനക്കുംനേരെ ആക്രമണമുണ്ടായി.
ബി.ജെ.പി പ്രവർത്തകർ അടിച്ചതായി പൊലീസ് ഓഫിസർ മേലധികാരിയോട് വെളിപ്പെടുത്തുന്നതിെൻറ ദൃശ്യം വൈറലായി. ബോംബുമായാണ് ബി.ജെ.പി പ്രവർത്തകർ എത്തിയതെന്ന് വെളിപ്പെടുത്തുന്നുണ്ട്. വാർത്ത ചാനലുകൾ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഡിയോയിലുള്ളത് യഥാർഥ സംഭവമാണെന്ന് പൊലീസിന് അംഗീകരിക്കേണ്ടി വന്നു. ഹാമിർപുർ ജില്ലയിലാണ് കനത്ത അക്രമം അരങ്ങേറിയത്. ബി.ജെ.പി പ്രവർത്തകർ വടിയുമായെത്തി വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചു. വാഹനങ്ങൾ തകർത്തു. ഹാഥറസിൽ സമാജ്വാദി പാർട്ടി നേതാവിന് വെടിയേറ്റു.
ചന്ദൗലി ജില്ലയിൽ ബി.ജെ.പിയും സമാജ്വാദി പാർട്ടിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കല്ലെറിയുകയും ബൈക്കുകൾ തകർക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇറ്റാവ, അയോധ്യ, പ്രയാഗ്രാജ്, അലിഗഢ്, പ്രതാപ്ഗഢ്, സോനഭദ്ര ജില്ലകളിലും അക്രമസംഭവങ്ങൾ അരങ്ങേറി. അലീഗഢിൽ ബി.ജെ.പി നേതാവ് മജിസ്ട്രേറ്റിനെതിരെ ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നു. അതിക്രമത്തിന്റെ വിഡിയോകൾ സമാജ്വാദി പാർട്ടി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഉന്നാവിൽ മാധ്യമപ്രവർത്തകനു നേരെ ആക്രമണമുണ്ടായി. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു മർദനം.
അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 476 ബ്ലോക്ക് പഞ്ചായത്ത് പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ശനിയാഴ്ച ൈവകീട്ട് മൂേന്നാടെ അവസാനിച്ചു. 825 സീറ്റിൽ 635 ഇടത്തും വിജയിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. പലയിടത്തും വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുമ്പാണ് ഈ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.