മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, വീടുകൾക്ക് തീയിട്ടു
text_fieldsഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ വീണ്ടും സംഘർഷം. ഒരാൾ കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കഴിഞ്ഞ ദിവസം മേഖലയിൽ മൂന്ന് വീടുകൾക്ക് തീവെച്ചിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായത്. പകരമായി നാല് വീടുകൾക്ക് ഇന്ന് തീവെച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ കർഫ്യൂ ഇളവുകൾ പിൻവലിച്ചു.
തൊയ്ജാം ചന്ദ്രാമനി എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർക്ക് വെടിയേറ്റാണ് പരിക്ക്. സംഘർഷഭരിതമായ സാഹചര്യമാണെങ്കിലും മേഖല പൊലീസിന്‍റെ നിയന്ത്രണത്തിലാണെന്ന് സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു.
മണിപ്പൂർ സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും തുടർച്ചയായി സംഘർഷമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ വീണ്ടും സൈന്യത്തെ വിന്യസിച്ചിരുന്നു.
ഈ മാസം മൂന്നിനാണ് മണിപ്പൂരിൽ മെയ്തേയി, കുകി സമുദായങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. വ്യാപക അക്രമത്തിലും തീവെപ്പിലും 70ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടമായി. സംസ്ഥാനത്തെങ്ങും കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകേണ്ട സാഹചര്യത്തിലേക്ക് വരെ അക്രമം വളർന്നിരുന്നു.
പ്രബല ഹിന്ദു വിഭാഗമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ മാർച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.