തീക്കളിക്ക് ഒത്താശ; കസേര ഭദ്രം
text_fieldsന്യൂഡൽഹി: ക്രിമിനൽ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ അനുയായികളുടെ അഴിഞ്ഞാട്ടം അമർച്ച ചെയ്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം നേരിെട്ടങ്കിലും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ കസേര കേന്ദ്രഭരണത്തിെൻറ ബലത്തിൽ സുരക്ഷിതം. അക്രമത്തിൽ 36 പേർ കൊല്ലപ്പെെട്ടങ്കിലും അതിെൻറ പേരിൽ ഖട്ടർ രാജിവെക്കില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തിയാണ് തീക്കളിക്കുള്ള പിന്തുണ. പഞ്ച്കുള കോടതി പരിസരത്തേക്ക് അക്രമാസക്തമായ ജനക്കൂട്ടം തടിച്ചുകൂടുന്നത് അറിഞ്ഞിട്ടും ഖട്ടർ നടപടിയെടുത്തില്ല. ഗുർമീതിെൻറ അനുയായികൾക്കിടയിലേക്ക് നുഴഞ്ഞുകയറിയ ആക്രമികളാണ് ചോരക്കളി നടത്തിയതെന്നാണ് ഖട്ടറുടെ വിശദീകരണം.
കഴിഞ്ഞവർഷം ജാട്ട് സംവരണ പ്രക്ഷോഭം നടന്നപ്പോൾ ഹരിയാനയിൽ കൊല്ലപ്പെട്ടത് 30 പേരാണ്. ഇൗ അക്രമസമരം കൈകാര്യംചെയ്യാൻ മടിച്ചു നിന്നതും വോട്ടുരാഷ്ട്രീയം വെച്ചുതന്നെ. 2014ലാണ് മറ്റൊരു ആൾൈദവം റാംപാലിനെ ക്രിമിനൽ കേസിൽ അറസ്റ്റു ചെയ്തപ്പോൾ വലിയ അക്രമം ഹിസാറിൽ നടന്നത്. അന്ന് അഞ്ചുസ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ഖട്ടറുടെ പരാജയത്തിന് മൂന്നാമത്തെ തെളിവാണ് ഗുർമീത് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ആർ.എസ്.എസുകാരനുമായ മനോഹർലാൽ ഖട്ടർ ഹരിയാന നിയമസഭയിലേക്ക് 2014ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണപരിചയമില്ലാത്ത ഖട്ടർ മുഖ്യമന്ത്രിയായത് മോദിയുടെ ഇഷ്ടക്കാരനും ആർ.എസ്.എസുകാരനുമെന്ന നിലയിലാണ്. എന്നാൽ, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയമെന്ന് ആവർത്തിച്ചു തെളിയിക്കുകയാണ് അദ്ദേഹം.
ഖട്ടറെ സംരക്ഷിക്കുന്ന വാക്കുകളാണ് ബി.ജെ.പി നേതൃത്വത്തിൽ നിന്നുണ്ടായത്. ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ അധ്യക്ഷതയിൽ ഹരിയാനയിലെ സ്ഥിതി ചർച്ച ചെയ്യാൻ വിളിച്ച ആഭ്യന്തരമന്ത്രാലയ യോഗത്തിനുശേഷം ആഭ്യന്തര സെക്രട്ടറി രാജീവ് മഹർഷി നടത്തിയ പ്രതികരണവും അത്തരത്തിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഹരിയാനയുടെ പാർട്ടി ചുമതലക്കാരൻ അനിൽ ജെയിനും മറ്റുമായി കൂടിയാലോചന നടത്തിയിരുന്നു.
നിലവിലെ സാഹചര്യം ഖട്ടർ കഴിയുന്നത്ര നന്നായി നേരിട്ടുവെന്നാണ് അവർ അറിയിച്ചത്. എന്നാൽ, പഞ്ച്കുള കത്തിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി കുറ്റപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.