'അക്രമം അവസാനിപ്പിക്കണം'; മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഡല്‍ഹിയിലേക്ക്
text_fieldsഇംഫാൽ: മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാര്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ കാണും. സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങള്‍ക്ക് പരിഹാരം വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കാങ്‌പോക്പി അതിർത്തിയോട് ചേർന്നുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഗ്രാമത്തിൽ ബോംബ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് നടന്ന വംശീയ സംഘർഷങ്ങളുടെ ഫലമായി സാധാരണക്കാർക്കും സായുധ സേനാംഗങ്ങൾക്കും ഇടയിൽ വൻ നാശനഷ്ടമാണുണ്ടായത്. പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ കാലതാമസമില്ലാതെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉചിതമായ പരിഹാരമുണ്ടാക്കാനാണ് എം.എൽ.എമാരുടെ ശ്രമം.
നിലവിലെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണുന്നതിന് കേന്ദ്ര നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് എം.എ.ല്‍എമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 30 മണിപ്പൂര്‍ എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ആദ്യം ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ 23 എം.എല്‍.എമാര്‍ സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന പ്രമേയത്തില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ഈ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നില്ല.
ഇംഫാല്‍ താഴ്വരയിലെ ഭൂരിഭാഗം വരുന്ന മെയ്‌തേയികളും മലയോര മേഖലകളില്‍ താമസിക്കുന്ന ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലിൽ കുറഞ്ഞത് 160 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.