അസം-മിസോറാം അതിർത്തിയിൽ സംഘർഷം; മുഖ്യമന്ത്രിമാർ ഫോണിൽ ചർച്ച നടത്തി
text_fieldsഗുവാഹത്തി: അസം-മിസോറാം സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കാനിടയാക്കിയ സംഘർഷത്തെ തുടർന്ന് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ച നടത്തി. അസമിലെ കച്ചാർ ജില്ലയും മിസോറാമിലെ കൊളാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് സംഘർഷമുണ്ടായത്. അതിർത്തിക്കിരുപുറമുള്ള ആളുകൾ ഏറ്റുമുട്ടിയ അക്രമസംഭവങ്ങളെ തുടർന്ന് നിരവധി വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. നിരവധി വാഹനങ്ങളും യാത്രക്കാരും അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ, ഇരുസംസ്ഥാനങ്ങളെയും ഇന്ന് ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവരങ്ങൾ നൽകി. മിസോറാം മുഖ്യമന്ത്രി സൊറാംതാംഗയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അതിർത്തിയിലെ പ്രശ്നങ്ങൾ ഇരുകൂട്ടരും യോജിച്ച് രഞ്ജിപ്പിൽ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്ന് അസം സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. അന്തർ സംസ്ഥാന അതിർത്തിയിൽ സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് സൊറാംതാംഗയും പറഞ്ഞു.
സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു സംസ്ഥാനങ്ങളെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് തിങ്കളാഴ്ച ചർച്ചക്ക് വിളിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.
മിസോറാം അധികൃതർ, ട്രക്ക് ഡ്രൈവർമാർക്കായി തുടങ്ങിയ കോവിഡ് 19 പരിശോധന കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച സംഘർഷം തുടങ്ങിയത്. തങ്ങളുടെ അനുമതിയില്ലാതെയാണ് ഇത് ആരംഭിച്ചതെന്നാണ് അസം അധികൃതരുടെ വാദം. ഇതിനിടയിൽ മിസോറാം ഭാഗത്തുനിന്നുള്ള യുവാക്കൾ ലൈലാപൂരിലേക്ക് സംഘടിച്ചെത്തി ട്രക്ക് ഡ്രൈവർമാരെയും ഗ്രാമീണരെയും ആക്രമിച്ചെന്നും 15ലധികം കടകളും വീടുകളും അഗ്നിക്കിരയാക്കി. തുടർന്ന് അസം ഭാഗത്തുള്ളവരും തിരിച്ചടിക്കാനിറങ്ങിയതോടെ സംഘർഷം കനക്കുകയായിരുന്നു. നിലവരിൽ സ്ഥിതിഗതികൾ ഏറക്കുറെ നിയന്ത്രണ വിധേയമാണെന്ന് ഇരു സംസ്ഥാന അധികൃതരും വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.