വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അക്രമസംഭവങ്ങൾ: ബിഗ് ബോസ് സംഘാടകർക്ക് ഹൈദരാബാദ് പോലീസ് നോട്ടീസ് അയച്ചു
text_fieldsഹൈദരാബാദ്: ഡിസംബർ 16ന് ബിഗ് ബോസ് തെലുങ്ക് വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ബിഗ് ബോസ് സംഘാടകർക്ക് ജൂബിലി ഹിൽസ് പോലീസ് നോട്ടീസ് അയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഷോയിലെ വിജയി പല്ലവി പ്രശാന്തിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിയാലിറ്റി ഷോയുടെ വിജയി പ്രഖ്യാപനത്തെ തുടർന്ന് ബിഗ് ബോസ് തെലുങ്ക് ഫൈനലിസ്റ്റുകളുടെ ആരാധകർ ബഹളം വെക്കുകയും ജൂബിലി ഹിൽസിലെ ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയുമായിരുന്നു. സ്റ്റുഡിയോയിൽ വന്നവരുടെ വാഹനങ്ങൾ, ആറ് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ, ഒരു പോലീസ് വാഹനം എന്നിവയാണ് നശിപ്പിച്ചത്.
തുടർന്നാണ് പൊലീസ് സംഘാടകർക്കെതിരെ നിയമ നടപടികളിലേക്ക് കടന്നത്. റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഹൈദരാബാദ് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.
മുന്നറിയിപ്പ് അവഗണിച്ച് റാലി സംഘടിപ്പിച്ചതിന് ബിഗ് ബോസ് തെലുങ്ക് വിജയി പ്രശാന്തിനും അനുയായികൾക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന്, പ്രശാന്തിനെയും സഹോദരൻ മഹാവീറിനെയും സിദ്ധിപേട്ട് ജില്ലയിലെ ഗജ്‌വെൽ മണ്ഡലത്തിലെ കോൽഗൂർ ഗ്രാമത്തിലെ വസതിയിൽ നിന്ന് പിടികൂടിയിരുന്നു. പിന്നീട് പ്രശാന്തിനെ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.