ദലിത് വിദ്യാർഥിയുടെ മരണം; ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം
text_fieldsലഖ്നോ: അധ്യാപികയുടെ മർദനമേറ്റ ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തമാവുന്നു. ശനിയാഴ്ച ചികിത്സയിലിരിക്കെയാണ് 10ാം ക്ലാസ് വിദ്യാർഥിയായ നിഖിൽ ദൊഹ്രെ മരിച്ചത്. അധ്യാപികക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകരും പ്രദേശവാസികളും രംഗത്തെത്തി. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
കുട്ടിയുടെ മൃതദേഹവുമായി സ്കൂളിലെത്തിയ പ്രതിഷേധക്കാർ കുത്തിയിരുപ്പ് സമരം നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നിഖിലിന്‍റെ മൃതദേഹം സംസ്കരിക്കാൻ കുടുംബം തയാറായത്.
സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് അക്ഷരത്തെറ്റുവരുത്തിയതിനാണ് അധ്യാപികയായ അശ്വനി സിങ് നിഖിലിനെ ക്രൂരമായി മർദിച്ചത്. ആരോഗ്യനില വഷളായതോടെ നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, സെപ്റ്റംബർ 24ന് കുട്ടിയുടെ പിതാവ് രാജു ദൊഹ്രെ അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി.
മകന്‍റെ ചികിത്സക്ക് അധ്യാപിക സഹായിക്കുന്നില്ലെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. അധ്യാപിക ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.