ജയിലിൽ ശശികലക്ക് സുഖവാസത്തിന് രണ്ടുകോടി കൈക്കൂലി: അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
text_fieldsബംഗളൂരു: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്ക് ജയിലിൽ സുഖവാസം ഒരുക്കാൻ രണ്ടുകോടി കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ ഡി.ഐ.ജി ഡി. രൂപ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുഖവാസം ഒരുക്കുന്നതിന് ജയിൽ ഡി.ജി.പിയും മേലുദ്യോഗസ്ഥനുമായ എച്ച്.എൻ. സത്യനാരായണ റാവുവും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും സഹായികളായി രണ്ട് തടവുപുള്ളികളെയും ജയിലിൽ സൗകര്യം ചെയ്ത് നൽകുന്നുണ്ടെന്ന് രൂപ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ജയിലിലെ ചട്ടലംഘനങ്ങളെ കുറിച്ചും റിപ്പോർട്ടിലുണ്ട്. മുദ്രപത്ര അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട അബ്ദുൽ കരീമിനും ജയിലിൽ സഹായി ഉൾപ്പെടെ സുഖ സൗകര്യങ്ങളുണ്ട്. 25 ജയിൽപുള്ളികളെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 18 പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥർക്ക് പരാധി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ശശികലയും കൂട്ടാളികളും ജയിലിലാകുന്നത്. ജയിലിൽ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കരുതെന്ന് അന്ന് കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.