നാലുപേർ മരണാനന്തര ചടങ്ങിനു പോയി, രണ്ട് പേർക്ക് നാണം; ഭാര്യമാർക്ക് വേണ്ടി സത്യ പ്രതിജ്ഞ ചെയ്ത് ഭർത്താക്കൻമാർ; വൈറലായ വിഡിയോയ്ക്ക് പിന്നിൽ
text_fieldsഛത്തിസ്ഗഢ്: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഛത്തിസ്ഗഢിലെ ഒരു സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിഡിയോകൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഛത്തിസ്ഗഢിലെ പരാശ്വരാ ഗ്രാമത്തിൽ പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത ആറ് വനിതകൾക്ക് വേണ്ടി അവരുടെ ഭർത്താക്കൻമാർ സത്യ പ്രതിജ്ഞ ചെയ്ത വിഡിയോ ആണ് വൈറൽ ആയത്. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഭാര്യക്ക് പകരം ഭർത്താക്കൻമാർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
നാലു വനിതകൾ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നതിനാലും രണ്ട് പേർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നാണമായതുകൊണ്ടുമാണ് ഭർത്താക്കൻമാർ സത്യപ്രതിജ്ഞ ചെയ്തതെന്ന വിചിത്ര വാദമാണ് ആരോപണ വിധേയരായവർ മുന്നോട്ടു വയ്ക്കുന്നത്.
സ്തീകൾക്ക് 50 ശതമാനം സംവരണം നൽകിയിരിക്കുന്നതു കാരണം തെരഞ്ഞെടുപ്പുകളിൽ പുരുഷൻമാർ സ്ത്രീകളെ മത്സരിപ്പിക്കുന്നത് സാധാരണമാണെന്നും വിഡിയോ വൈറലായതുകൊണ്ട് മാത്രമാണ് സംഭവം വാർത്തയായതുമെന്നുമാണ് സത്യപ്രതിജ്ഞ ചെയ്ത പുരുഷൻമാർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരിക്കുന്നത്. വാർഡുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തതോടെ മത്സരിക്കാൻ അവസരം ലഭിക്കാത്ത പുരുഷൻമാർക്ക് തങ്ങളുടെ ഭാര്യമാരെ കളത്തിലിറക്കാതെ വേറെ വഴിയില്ലാതായി. പരാശ്വര ഗ്രാമത്തിലെ പന്ത്രണ്ട് വാർഡുകളിൽ ആറെണ്ണവും സ്തീകൾക്ക് സംവരണം ചെയ്തു നല്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട മറ്റ് ആറു പുരുഷൻമാർക്കൊപ്പം വനിതാ അംഗങ്ങളുടെ ഭർത്താക്കൻമാർ സത്യ പ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായ വിഡിയോയിലുള്ളത്. എന്നാൽ യഥാർത്ഥ സത്യപ്രതിജ്ഞ മാർച്ച് എട്ടിനു നടക്കുമെന്നാണ് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളും അവരുടെ ഭർത്താക്കൻമാരും ഇന്ത്യൻ എക്സ്പ്രസിനെ അറിയിച്ചിരിക്കുന്നത്. തൻറെ ഭർത്താവ് സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും തൻറെ സർട്ടിഫിക്കറ്റ് വാങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് വനിതാ പഞ്ചായത്തംഗമായ ഗായത്രി ചന്ദ്രവംശി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.